
സന്നിധാനം: തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നതിനു പിന്നാലെ നവീകരിച്ച സ്വര്‍ണപ്പാളികള്‍ ദ്വാരപാലക ശില്‍പങ്ങളില്‍ സ്ഥാപിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെയാണ് നട തുറന്നത്. ഒരുമണിക്കൂറിലേറെ സമയമെടുത്താണ് ശ്രീകോവിലിന് മുന്നിലെ ദ്വാരപാലകശില്പങ്ങളില്‍ നവീകരിച്ച സ്വര്‍ണപ്പാളികള്‍ സ്ഥാപിച്ചത്. അറ്റകുറ്റപ്പണി കഴിഞ്ഞെത്തിച്ച് സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണപ്പാളികള്‍ വിശദമായ മഹസര്‍ തയ്യാറാക്കിയശേഷമാണ് പുറത്തെടുത്തത്. തുടര്‍ന്ന് ശ്രീകോവിലിന് മുന്നിലെത്തിച്ച് ആചാരപ്രകാരം ദ്വാരപാലകശില്പങ്ങളില്‍ സ്ഥാപിക്കുകയായിരുന്നു. ആദ്യം സ്വര്‍ണം പൂശിയ പീഠവും പിന്നാലെ പാളികളും ദ്വാരപാലകശില്പങ്ങളില്‍ സ്ഥാപിച്ചു.
ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയം ഏറെ വിവാദമായതിനാല്‍ കോടതിയുടെ കര്‍ശന നിരീക്ഷണമുണ്ടായിരുന്നു. തന്ത്രിയും മേല്‍ശാന്തിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും സന്നിഹിതരായിരുന്നു. സാധാരണ മാസപൂജയ്ക്കായി വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നതെങ്കിലും ശില്‍പ്പത്തിന്റെ ജോലികള്‍ ചെയ്യേണ്ടതിനാലാണ് ഇക്കുറി നേരത്തേ തുറന്നത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. തുടര്‍ന്നാണ് സ്വര്‍ണപ്പാളികള്‍ ചേര്‍ക്കുന്ന ചടങ്ങുകള്‍ ആരംഭിച്ചത്.
സെപ്റ്റംബര്‍ ഏഴിന് സന്നിധാനത്തുനിന്ന് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ അറ്റകുറ്റപ്പണിക്കായി അഴിച്ചുകൊണ്ടുപോയ പാളികള്‍ 21-നാണ് സന്നിധാനത്ത് തിരിച്ചെത്തിച്ചത്. ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ശനിയാഴ്ച രാവിലെ സന്നിധാനത്ത് നടക്കും. പന്തളം കൊട്ടാരത്തിലെ കുട്ടികളായ കശ്യപ് വര്‍മ ശബരിമല മേല്‍ശാന്തിയെയും മൈഥിലി കെ.വര്‍മ മാളികപ്പുറം മേല്‍ശാന്തിയെയും നറുക്കെടുക്കും.
തുലാമാസപൂജയുടെ അവസാനദിവസമായ 22-ന് രാഷ്ട്രപതി ദ്രൗപതിമുര്‍മു ദര്‍ശനം നടത്തും. അന്ന് ഭക്തര്‍ക്ക് ദര്‍ശനത്തിന് നിയന്ത്രണമുണ്ട്. ആ ദിവസത്തെ വെര്‍ച്ചല്‍ ക്യൂ ഓപ്പണ്‍ ആക്കിയിട്ടില്ല.



