സഹായിച്ചതിന്റെ പേരില്‍ വൈദ്യരെ ഉപദ്രവിക്കുന്നു; പുതിയ വീഡിയോയുമായി സിപിഐഎം നേതാവിന്റെ മകള്‍; വൈദ്യരും യൂട്യൂബറും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് സംഗീതയുടെ അച്ഛന്‍.

കാസര്‍ഗോഡ്: അച്ഛന്‍ വീട്ടുതടങ്കലിലാക്കി പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് വീഡിയോ പുറത്തുവിട്ട സിപിഐഎം പ്രാദേശിക നേതാവിന്റെ മകള്‍ പുതിയ വീഡിയോയും പോസ്റ്റ് ചെയ്തു. അച്ഛന്‍ ഭാസ്‌കരന്റെ ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ടാണ് സംഗീത പുതിയ വീഡിയോ പുറത്തുവിട്ടത്. ലക്ഷങ്ങള്‍ ചെലവാക്കിയെന്ന് അച്ഛന്‍ പറയുന്നുണ്ട്. അതിന്റെ കണക്ക് എന്റെ കയ്യിലുണ്ട്. കാലിനെ ക്ഷതം പറ്റിയിട്ടുള്ളൂ. തലയ്ക്കും കണ്ണിനും ഒന്നും പറ്റിയിട്ടില്ല. എല്ലാത്തിന്റെ കണക്കും കയ്യിലുണ്ട്. ആ പണവും എന്റെ തന്നെയാണ്. അതും തെളിയിക്കാന്‍ പറ്റും. എന്നെ സാക്ഷി നിര്‍ത്തിയാണ് എല്ലാവരെയും ഫോണ്‍ വിളിക്കുന്നത്. സഹായിച്ചതിന്റെ പേരിലാണ് വൈദ്യരെ ഉപദ്രവിക്കുന്നതെന്നും സംഗീത പുതിയ വിഡിയോയില്‍ പറയുന്നു.

അതേസമയം നല്ല രീതിയില്‍ മകള്‍ക്ക് ചികിത്സ നല്‍കിയെന്ന് ഭാസ്‌കരന്‍ പറഞ്ഞു. ചികിത്സയ്ക്ക് എവിടെ വേണമെങ്കിലും പോകാന്‍ തയാറാണ്. അരയ്ക്കു താഴെ സ്വാധീനമില്ലാത്ത മകളെ വിവാഹം കഴിക്കാമെന്ന് പറയുന്നതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. സ്വത്തും പണവും കൈക്കലാക്കുകയാണ് ലക്ഷ്യം. വ്യാജ വാര്‍ത്തകള്‍ പുറത്തു കൊണ്ടുവന്നതിനു പിന്നില്‍ യുട്യൂബറുടെ പങ്ക് അന്വേഷിക്കണം. വൈദ്യരും യൂട്യൂബറും തമ്മിലുള്ള ബന്ധവും അന്വേഷിക്കണമെന്നും ഭാസ്‌കരന്‍ ആവശ്യപ്പെട്ടു. സംഗീതയുടെ അമ്മ ടി.വി. രോഹിണി, സഹോദരന്‍ ടി.വി. സുബിത്ത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

അതിനിടെ, സംഗീതയെ കൗണ്‍സലിങ് നല്‍കുന്നതിന് പൊലീസ് സംഘം വീട്ടിലെത്തി. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയെന്ന് സംഗീത ഇന്നലെ വിഡിയോയില്‍ പറഞ്ഞിരുന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് മേധാവി അറിയിച്ചിരുന്നു. എന്നാല്‍ വിഡിയോ പുറത്തു വന്നതിനു പിന്നാലെ സംഗീതയ്ക്ക് കൗണ്‍സിലിങ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്നാണ് വൈകിട്ടോടെ കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ള സംഘം എത്തിയത്.

ഉദുമയിലെ സിപിഎം ഏരിയ കമ്മിറ്റി അംഗം പി.വി. ഭാസ്‌കരന്റെ മകള്‍ സംഗീതയാണ് കഴിഞ്ഞ ദിവസം തന്നെ വീട്ടുതടങ്കലില്‍ പീഡിപ്പിക്കുകയാണെന്ന് പരാതി ഉന്നയിച്ചത്.

Scroll to Top