
മലപ്പുറം: കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പി.കെ കുഞ്ഞാലിക്കുട്ടി. കേരളത്തിലെ ഏറ്റവും വലിയ അതിദരിദ്രന്‍ സംസ്ഥാന സര്‍ക്കാരാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അത്യാവശ്യത്തിന് പോലും സര്‍ക്കാരിന്റെ കയ്യില്‍ കാശില്ലെന്നും ഇത് ജനങ്ങളെ മുഴുവന്‍ ബാധിക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
അതിദാരിദ്ര്യമുക്ത പ്രഖ്യാപനം നടത്തിയതോടെ പല കേന്ദ്ര പദ്ധതികള്‍ക്കും പണം ലഭിക്കാതെ വരും. സംസ്ഥാനത്ത് ചിലവ് ചുരുക്കല്‍ നടക്കുന്നില്ല. പ്രഖ്യാപനം സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാകും. അതിദരിദ്രരായിട്ടുള്ള ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ വരും. ബദല്‍ മാര്‍ഗം യുഡിഎഫ് കൊണ്ടുവരുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് എതിരായ പിഎംഎ സലാമിന്റെ പരാമര്‍ശം കുഞ്ഞാലിക്കുട്ടി തള്ളിപ്പറഞ്ഞു. ലീഗിന് ഒരു രീതി ഉണ്ട്. അന്തസോടെ ആണ് പ്രതികരിക്കാറുള്ളത്. വ്യക്തി അധിക്ഷേപം ലീഗിന്റെ രീതിയല്ലെന്നും അദേഹം വ്യക്തമാക്കി. പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കുന്ന രീതിയാണ് ലീഗിന്റേത്. പക്ഷെ ചില സമയത്ത് നാക്കുപിഴ സംഭവിക്കും. പിഎംഎ സലാമിനെ സംസ്ഥാന പ്രസിഡന്റ് തന്നെ തിരുത്തിയിട്ടുണ്ടെന്ന് അദേഹം പറഞ്ഞു. പാര്‍ട്ടി രീതി എന്താണെന്ന് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞിട്ടുണ്ട്. നാക്കുപിഴ ആര്‍ക്കും സംഭവിക്കാമെന്നും തനിക്ക് സംഭവിച്ചാലും പാര്‍ട്ടി തിരുത്തുമെന്ന് പികെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.



