
അടൂര്‍: അടൂര്‍ കോട്ടമുകളില്‍ 77 കാരിയായ വൃദ്ധ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയത്തില്‍ പൊലീസ്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 77 വയസ്സുള്ള രത്‌നമ്മ മരിച്ച സംഭവത്തിലാണ് വഴിത്തിരിവ്. രത്‌നമ്മ കൊല്ലപ്പെട്ടതാണെന്നാണ് ഇപ്പോള്‍ പൊലീസ് സംശയിക്കുന്നത്. രത്‌നമ്മയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ കാണാതായതും വീടിന്റെ പുറത്തുള്ള മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു എന്നതുമാണ് പൊലീസില്‍ സംശയം ജനിപ്പിക്കുന്നത്. മാത്രമല്ല, മൃതദേഹത്തിനു സമീപം രക്തക്കറയും കണ്ടെത്തിയിരുന്നു.
രത്‌നമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. കൈ ഞരമ്പ് മുറിച്ചതിനു ശേഷം ആത്മഹത്യ ചെയ്തു എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിനു പുറത്തുള്ള മുറിയിലാണ് രത്‌നമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ രക്തക്കറ കണ്ടെത്തിയിരുന്നു. മുറിയുടെ വാതില്‍ പുറത്തുനിന്ന് കുറ്റിയിട്ടിരുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കൊലപാതകമാണോ എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്.
സാഹചര്യങ്ങളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് കൊലപാതകമെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ സംഭവത്തില്‍ വ്യക്തത വരികയുളളൂ. രത്‌നമ്മക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളോ മറ്റ് പ്രയാസങ്ങളോ ഒന്നുമില്ലെന്നാണ് പൊലീസ് മനസ്സിലാക്കുന്നത്. അതേസമയം, രത്‌നമ്മയുടേത് ആത്മഹത്യയാണെന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായും സൂചനയുണ്ട്.



