
വാഷിംഗ്ടണ്‍: ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ തീരുവയെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. തന്റെ സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലാണ് ട്രംപിന്റെ പ്രഖ്യാപനം. തീരുവയെ എതിര്‍ക്കുന്നവര്‍ മണ്ടന്മാരാണെന്നും അമേരിക്ക ലോകത്തെ ഏറ്റവും സമ്പന്നവും ആദരവും ലഭിക്കുന്ന രാജ്യമാണെന്നും ട്രംപ് പറഞ്ഞു. ഓരോ അമേരിക്കന്‍ പൗരന്റെയും അക്കൗണ്ടിലേക്ക് തീരുവ വരുമാനത്തില്‍ നിന്നുള്ള ലാഭവിഹിതമായി 2,000 ഡോളര്‍ വീതം നിക്ഷേപിക്കുമെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനം. ഇത് ഏകദേശം 1.77 ലക്ഷം രൂപ വീതം വരും.
അമേരിക്കയില്‍ ഇപ്പോള്‍ പണപ്പെരുപ്പം തീരേയില്ലെന്നും ഓഹരി വിപണികള്‍ റെക്കോര്‍ഡ് ഉയരത്തിലാണെന്നും ട്രംപ് പറഞ്ഞു. 37 ട്രില്യണ്‍ ഡോളര്‍ വരുന്ന അമേരിക്കയുടെ വമ്പന്‍ കടബാധ്യത തീരുവ വരുമാനമായി ലഭിക്കുന്ന ട്രില്യണ്‍ കണക്കിന് ഡോളര്‍ ഉപയോഗിച്ച് തീര്‍ക്കും. അമേരിക്കയിലേക്ക് നിക്ഷേപം ഒഴുകുകയാണെന്നും എല്ലായിടത്തും ഫാക്ടറികള്‍ തുറക്കുമെന്നും ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രില്‍ മുതലാണ് ട്രംപ് ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങള്‍ക്കും മേല്‍ പകരം തീരുവ പ്രഖ്യാപിച്ചത്. മേയില്‍ 23.9 ബില്യണ്‍ ഡോളര്‍ തീരുവ വരുമാനം കിട്ടി. തുടര്‍ന്നുള്ള ഓരോ മാസവും വരുമാനം കൂടിക്കൂടിവന്നു. ജൂലൈയില്‍ ലഭിച്ചത് 29 ബില്യണായിരുന്നെന്നും കണക്കുകള്‍ പറയുന്നു. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുപ്രകാരം 2025 സാമ്പത്തിക വര്‍ഷത്തില്‍ തീരുവയായി ട്രംപ് സര്‍ക്കാര്‍ 215.2 ബില്യണ്‍ ഡോളറും പിരിച്ചെടുത്തു. ഒക്ടോബര്‍ ഒന്നിന് തുടങ്ങി സെപ്റ്റംബര്‍ 30 വരെയുള്ള ‘അമേരിക്കന്‍’ സാമ്പത്തിക വര്‍ഷത്തെ കണക്കാണിത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 1ന് ആരംഭിച്ച 2026 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ പിരിച്ചെടുത്തത് 35.9 ബില്യണ്‍ ഡോളറാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
തീരുവ പ്രഖ്യാപിക്കാന്‍ ട്രംപിന് അധികാരമില്ലെന്നും ഭൂരിഭാഗം പകരം തീരുവകളും നിയമവിരുദ്ധമാണെന്നും രണ്ട് കീഴ്ക്കോടതികള്‍ വിധിച്ചിരുന്നു. ഇതിനെതിരെ ട്രംപ് സമര്‍പ്പിച്ച അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. തീരുവകള്‍ അസാധുവാക്കിയാല്‍ അത് ദുരന്തമാകുമെന്നും അമേരിക്കന്‍ സമ്പദ്വ്യവസ്ഥ തകരുമെന്നും ട്രംപ് പറഞ്ഞിരുന്നു. തീരുവ റദ്ദാക്കിയാല്‍ അമേരിക്ക മൂന്നാംലോക രാജ്യമായി കൂപ്പുകുത്തുമെന്നും ആഗോളതലത്തില്‍ നാണംകെടുമെന്നും ട്രംപ് പലകുറി പറഞ്ഞത് സുപ്രീം കോടതിയെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രമായാണ് പലരും കാണുന്നത്. കീഴ്ക്കോടതി വിധികള്‍ സുപ്രീം കോടതിയും ശരിവച്ചാല്‍ ട്രംപിന് അത് കനത്ത ആഘാതമാകും. ഇതിനകം വാങ്ങിയ തീരുവയെല്ലാം അതത് കമ്പനികള്‍ക്ക് തിരിച്ചുകൊടുക്കേണ്ടിയും വരും.



