തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായി; ഡിസംബര്‍ 9, 11 തിയ്യതികളില്‍ വോട്ടെടുപ്പ്; വോട്ടെണ്ണല്‍ 13ന്., തിരക്കിട്ട ചര്‍ച്ചകളില്‍ മുന്നണികളും പാര്‍ട്ടികളും

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ക്കുള്ള തിയ്യതി പ്രഖ്യാപിച്ചു. ഡിസംബര്‍ ആദ്യം രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 9, 11 തിയ്യതികളിലായി വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാനാണ് തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞതവണ 3 ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. കണ്ണൂരിലെ മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള കേരളത്തിലെ മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഡിസംബറില്‍ മേല്‍പറഞ്ഞ തിയ്യതികളില്‍ തെരഞ്ഞെടുപ്പ് നടക്കും. മട്ടന്നൂരില്‍ നിലവിലെ ഭരണസമിതി കാലാവധി തീരുന്നത് 2027-ലാണ്.

സംസ്ഥാനത്താകെ ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ എന്നിങ്ങനെ ആകെ 1,200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ഇവയിലായി 23,612 വാര്‍ഡുകളുമുണ്ട്. പുതിയ വാര്‍ഡുകള്‍ക്ക് അനുസരിച്ച് പുതുക്കിയ വോട്ടര്‍പട്ടിക തയാറാക്കിയിട്ടുണ്ട്. 2,84,30,761 വോട്ടര്‍മാരാണ് പുതുക്കിയ പട്ടിക പ്രകാരം കേരളത്തിലുള്ളത്. 1,34,12,470 പേര്‍ പുരുഷന്‍മാരും 1,50,1810 പേര്‍ സ്ത്രീകളും 281 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുമാണ്. 2,841 പ്രവാസി വോട്ടര്‍മാരും ഉണ്ട്. ആകെ പോളിങ് സ്റ്റേഷനുളുടെ എണ്ണം 33,746 ആണ്. 70,000 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. ആകെ രണ്ടരലക്ഷത്തോളം ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകും.
രാവിലെ 7 മണിമുതല്‍ വൈകിട്ട് 6വരെയാണ് പോളിങ്. നടക്കുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഡിസംബര്‍ 9ന് തെരഞ്ഞെടുപ്പ് നടക്കും. തൃശൂര്‍, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഡിസംബര്‍ 11നാണ് തെരഞ്ഞെടുപ്പ്. നവംബര്‍ 14ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശം നല്‍കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. സൂക്ഷ്മപരിശോധന 22ന് നടക്കും. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 24 ആണ്.

ഒരു ബാലറ്റ് യൂണിറ്റില്‍ പരമാവധി 15 സ്ഥാനാര്‍ഥികളുടെ പേരാണ് ഉള്‍പ്പെടുത്തുക. 15ല്‍ കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ബാലറ്റ് യൂണിറ്റുകള്‍ ഉപയോഗിക്കും. 941 ഗ്രാമപഞ്ചായത്തുകളിലായി 17,331 വാര്‍ഡുകളും 152 ബ്ലോക്ക് പഞ്ചായത്തുകളിലായി 2267 വാര്‍ഡുകളും 14 ജില്ലാപഞ്ചായത്തുകളിലായി 346 വാര്‍ഡുകളും 86 നഗരസഭകളിലായി 3205 വാര്‍ഡുകളും 6 കോര്‍പ്പറേഷനുകളിലായി 421 വാര്‍ഡുകളിലും തെരഞ്ഞെടുപ്പ് നടക്കും.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ സീറ്റ് വിഭജന ചര്‍ച്ചകളും സ്ഥാനാര്‍ഥി പ്രഖ്യാപന നടപടികളും ഊര്‍ജിതമാക്കി. കൊല്ലം കോര്‍പറേഷനില്‍ 9 സ്ഥാനാര്‍ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, കൊച്ചി കോര്‍പറേഷനുകളില്‍ പ്രധാന പാര്‍ട്ടികളൊന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ല. നിലവില്‍ യുഡിഎഫിനു ഭരണമുള്ള ഏക കോര്‍പറേഷനായ കണ്ണൂരില്‍ കോണ്‍ഗ്രസും ലീഗുമായുള്ള സീറ്റ് വിഭജനവും അന്തിമമായിട്ടില്ല.

രാഷ്ട്രീയക്കൊടുങ്കാറ്റുകളെ അതിജീവിച്ചും ചേരി മാറിയെത്തിയവരെ ചേര്‍ത്തുപിടിച്ചും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഉജ്വല മുന്നേറ്റമാണ് കഴിഞ്ഞ തവണ ലഭിച്ചത്. ഉരുക്കുകോട്ടകള്‍ നില നിര്‍ത്തിയതിനൊപ്പം, കേരള കോണ്‍ഗ്രസിന്റെ കടന്നുവരവോടെ മധ്യതിരുവിതാംകൂറിലും എല്‍ഡിഎഫ് വന്‍ മുന്നേറ്റം നടത്തി. 11 ജില്ലാ പഞ്ചായത്തുകളും 5 കോര്‍പറേഷനുകളും നേടിയ എല്‍ഡിഎഫ്, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും ആധിപത്യമുറപ്പിച്ചിരുന്നു.

ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളില്‍ 557 ഇടത്ത് എല്‍ഡിഎഫും 363 ഇടങ്ങളില്‍ യുഡിഎഫും 14 ഇടത്ത് ബിജെപിയും അഞ്ചിടത്ത് ട്വന്റി-20യും രണ്ടിടത്ത് ആര്‍എംപിയും ഭരണം നടത്തുന്നു. ആറു കോര്‍പ്പറേഷനുകളില്‍ അഞ്ചിടത്തും എല്‍ഡിഎഫാണ്. ഒന്ന് യൂഡിഎഫിനും,. 14 ജില്ലാ പഞ്ചായത്തുകളില്‍ പത്തും എല്‍ഡിഎഫ് ഭരിക്കുമ്പോള്‍ നാലിടത്താണ് യുഡിഎഫ്. 87 നഗരസഭകളില്‍ 41 എല്‍ഡിഎഫും 44 യുഡിഎഫും രണ്ടിടത്ത് ബിജെപിയും ഭരണം നടത്തുന്നു.

Scroll to Top