യു.പി സ്വദേശിനി ഡോ.ഷഹീന്‍; ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിന്റെ ചുമതലക്കാരി; ഫരീദാബാദില്‍ നിന്ന് അറസ്റ്റിലായ വനിതാ ഡോക്ടര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് സ്‌ഫോടക വസ്തു ശേഖരവുമായി പിടിയിലായ വനിതാ ഡോക്ടര്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ സജീവ പ്രവര്‍ത്തകയെന്ന് വിവരം. ലഖ്‌നൗ സ്വദേശിനി ഡോ.ഷഹീന്‍ ഷാഹിദ് ആണ് പിടിയിലായിരുന്നത്. ഭീകരസംഘനയായ ജയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തിന് രൂപംനല്‍കാന്‍ ചുമതലപ്പെട്ടയാളാണ് ഇവരെന്നാണ് വിവരം. ഫരീദാബാദില്‍ അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീലിന്റെ സഹപ്രവര്‍ത്തകയാണ് ഷഹീന്‍ എന്നും വിവരമുണ്ട്. ഫരീദാബാദിലെ അല്‍ ഫല മെഡിക്കല്‍ കോളജിലാണ് ഇരുവരും ജോലി ചെയ്യുന്നത്.

2,900 കിലോ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ഷഹീന്റെ കാറില്‍നിന്നു തോക്കുകള്‍ കണ്ടെത്തിയിരുന്നു. ജയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്തുല്‍ മുഅ്മിനാത്ത് ഇന്ത്യയില്‍ രൂപീകരിക്കാന്‍ ചുമതല ഏറ്റെടുത്തവരില്‍ ഒരാളാണ് ഷഹീനെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ജയ്‌ഷെ സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറാണ് ജയ്‌ഷെ വനിതാവിഭാഗം സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കുന്നത്.

കാണ്ഡഹാര്‍ വിമാനം റാഞ്ചലിന്റെ സൂത്രധാരന്‍ യൂസഫ് അസ്ഹറിന്റെ ഭാര്യ കൂടിയാണ് സാദിയ. ഓപ്പറേഷന്‍ സിന്ദൂറില്‍ കനത്ത തിരിച്ചടിയേറ്റ ജയ്‌ഷെ മുഹമ്മദ് തിരിച്ചുവരവിന്റെ ഭാഗമായി ഇന്ത്യയിലടക്കം വനിതാ വിഭാഗം രൂപീകരിക്കാന്‍ ശ്രമം തുടങ്ങിയെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Scroll to Top