
ന്യൂഡല്‍ഹി: രാജ്യം നടുങ്ങിയ നവംബര്‍ 10ലെ വന്‍ സ്ഫോടനത്തിനു പിന്നാലെ ആദ്യത്തെ വമ്പന്‍ പരിപാടിക്ക് വേദിയൊരുക്കി ചെങ്കോട്ട. ഏതാണ്ട് അരലക്ഷം പേരെ പങ്കെടുപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വിപുലമായ പരിപാടിയാണ് നടത്താന്‍ ഒരുങ്ങുന്നത്. ഗുരു തേജ് ബഹാദൂറിന്റെ 350-ാം രക്തസാക്ഷിത്വ വാര്‍ഷികത്തോടനുബന്ധിച്ചുള്ള മെഗാ പരിപാടിക്കാണ് ചെങ്കോട്ട തയ്യാറെടുക്കുന്നത്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പരിപാടിയില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായി ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച അറിയിച്ചു.
നവംബര്‍ 23 മുതല്‍ 25 വരെ ഡല്‍ഹി സര്‍ക്കാര്‍ കീര്ത്തന് ദര്‍ബാര്‍ സംഘടിപ്പിക്കും. നിരവധി വിവിഐപികള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) വ്യാഴാഴ്ച മുതല്‍ തന്നെ വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ചെങ്കോട്ടയിലും പരിസരത്തും സുരക്ഷാ ക്രമീകരണങ്ങള്‍ ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്മാരകത്തിലേക്കുള്ള പാതയില്‍ പൊലീസ് 25-ല്‍ അധികം സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മുഴുവന്‍ സമയ നിരീക്ഷണത്തിനായി ഡിഎസ്ജിഎംസി 250 മുതല്‍ 300 വരെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. സന്ദര്‍ശകരെ വിശദമായി പരിശോധിക്കുന്നതിനായി സിഐഎസ്എഫ്, ഡല്‍ഹി പോലീസ്, ബോംബ് സ്ക്വാഡുകള്‍, മറ്റ് ഏജന്‍സികള്‍ എന്നിവയുള്‍പ്പെടുന്ന ഒരു ബഹുതല സുരക്ഷാ വലയം വിന്യസിച്ചിട്ടുണ്ട്.
അനുസ്മരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നതില്‍ സന്ദര്‍ശകര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘ഞങ്ങള്‍ ധൈര്യശാലികളും ദൈവഭയമുള്ളവരുമാണ്. ഈ സ്ഫോടനങ്ങള്‍ക്ക് ദൈവത്തിലുള്ള ഞങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാന്‍ കഴിയില്ല. ഞങ്ങളുടെ ഗുരു ഭയപ്പെട്ടിരുന്നില്ലെങ്കില്‍, പിന്നെ ഞങ്ങള്‍ ആരെയാണ് ഭയപ്പെടേണ്ടത്?’ ബുധനാഴ്ച ചെങ്കോട്ട സന്ദര്‍ശിച്ച പരംജീത് സിങ് ഛദ്ദ പ്രതികരിച്ചു. ശക്തമാക്കിയ സുരക്ഷാ ക്രമീകരണങ്ങളുള്ളതിനാല്ത്തന്നെ തന്റെ കുടുംബത്തിന് സുരക്ഷിതത്വം തോന്നുന്നുവെന്ന് മറ്റൊരു സന്ദര്‍ശകയായ അമൃത് സിങ് പറഞ്ഞു. ‘ഈ വാര്‍ഷികത്തിന്റെ പ്രാധാന്യം ഞങ്ങള്‍ക്ക് വളരെ വലുതാണ്. ഇവിടേക്ക് വരാന്‍ ഞങ്ങള്‍ മടിച്ചില്ല,’ അവര്‍ കൂട്ടിച്ചേര്‍ത്തു.



