
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്ന ബിജെപി പ്രവര്ത്തകന് സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് ജീവനൊടുക്കി. തൃക്കണ്ണാപുരം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്ന ബിജെപി പ്രവര്‍ത്തകനായ ആനന്ദ് തമ്പിയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാധ്യമസ്ഥാപനങ്ങള്‍ക്ക് വാട്സ്ആപ്പില്‍ സന്ദേശം അയച്ച ശേഷമാണ് ആനന്ദ് തമ്പി ജീവനൊടുക്കിയത്. ഈ വാട്സ്ആപ്പ് സന്ദേശങ്ങളും പുറത്തുവന്നിട്ടുണ്ട്. ആര്.എസ്.എസ്, ബി.ജെ.പി നേതൃത്വത്തിനെതിരേ കടുത്ത ആരോപണമാണ് ആനന്ദ് തമ്പി ഉന്നയിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ തൃക്കണ്ണാപുരം വാര്‍ഡില്‍ ആനന്ദ് തമ്പിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ധാരണയുണ്ടായിരുന്നു, എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് വാര്‍ഡില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ ആനന്ദ് തീരുമാനിച്ചിരുന്നു. വി.വിനോദ് കുമാറാണ് തൃക്കണ്ണാപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥി. പട്ടികയില്‍ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി നേതൃത്വം അനൗദ്യോഗികമായി പറയുന്നത്.
ആത്മഹത്യയ്ക്ക് മുമ്പ് ആനന്ദ് അയച്ച വാട്സ്ആപ് സന്ദേശം പുറത്തുവന്നിട്ടുണ്ട്. ബി.ജെ.പി നേതാക്കള്‍ക്കെതിരെയാണ് ആനന്ദിന്റെ കുറിപ്പ്. സ്ഥാനാര്‍ഥിയാക്കാത്തതിന് പിന്നില്‍ ബി.ജെ.പി നേതാക്കളാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. ബി.ജെ.പി, ആര്.എസ്.എസ് നേതാക്കള്‍ക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും കുറിപ്പിലുണ്ട്. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിക്കുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോൾഫ്രീ നമ്പർ: 1056, 0471-2552056)



