
തലശ്ശേരി: കണ്ണൂര്‍ പാനൂരില്‍ പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകനും ബി.ജെ.പി നേതാവുമായ കെ.പത്മരാജന് മരണംവരെ ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ബലാല്‍സംഗം, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. തലശ്ശേരി പോക്സോ പ്രത്യേക കോടതി ജഡ്ജി എം.ടി. ജലജാറാണിയാണ് ശിക്ഷ വിധിച്ചത്. ബലാത്സംഗ കുറ്റത്തില്‍ 40 വര്‍ഷം തടവും പുറമേ പോക്‌സോ കേസില്‍ ജീവിതാവസാനം വരെ ജയില്‍വാസവുമാണ് കോടതി വിധിച്ചത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതി പത്മരാജന്‍ കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കുകയും പത്മരാജനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പത്ത് വയസ്സുള്ള നാലാം ക്ലാസുകാരിയെ മൂന്നുതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. വിവരം പുറത്തു വന്നതോടെ ആ സമയത്ത് സ്‌കൂളില്‍ ഉണ്ടായിരുന്നില്ലെന്നും കുട്ടി പറഞ്ഞ തിയ്യതി തെറ്റാണെന്നും പ്രതി വാദിച്ചു. എന്നാല്‍ ഇത് തെളിയിക്കാനായില്ലെന്നു മാത്രമല്ല, കുട്ടികള്‍ സംഭവത്തെക്കുറിച്ച് പറയുമ്പോള്‍ തീയതിക്ക് പ്രാധാന്യം നല്‍കേണ്ടതില്ലെന്ന ഹൈകോടതി ഉത്തരവും പ്രോസിക്യൂട്ടര്‍ പി.എം. ഭാസുരി കോടതിയില്‍ ഹാജരാക്കി. കടവത്തൂര്‍ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസില്‍ കെ. പത്മരാജന്‍ അധ്യാപകനും ബി.ജെ.പി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ടുമാണ്.
കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ സംഘപരിവാര്‍ അധ്യാപക സംഘടനയുടെ കണ്ണൂര്‍ ജില്ല നേതാവുമായിരുന്ന പത്മരാജനെതിരെ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17ന് കേസെടുത്തു. പൊയിലൂര്‍ വിളക്കോട്ടൂരില്‍നിന്ന് ഏപ്രില്‍ 15ന് പ്രതിയെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മാതാവിന്റെ ആവശ്യപ്രകാരം 2020 ഏപ്രില്‍ 24 ന് സംസ്ഥാന പൊലീസ് മേധാവി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 2020 ജൂലൈ 14ന് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ നായര്‍ ഇടക്കാല കുറ്റപത്രം നല്‍കി. മൂന്ന് മാസത്തിനു ശേഷം പ്രതിക്ക് ജാമ്യം ലഭിച്ചു. അതിനിടെ, അന്വേഷണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഐ.ജിയുടെ ഫോണ്‍ സംഭാഷണം വിവാദമായി.
2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 77 രേഖകളും 14 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്തരിച്ചു.



