
പട്‌ന: എക്‌സിറ്റ് പോള്‍ ഫലങ്ങളെ പോലും അപ്രസക്തമാക്കിയ തേരോട്ടത്തില്‍ എന്‍ഡിഎയുടെ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ ബിഹാറില്‍ അനിശ്ചിതത്വം പുകയുന്നു. നിതീഷിനെ മുന്നില്‍ നിര്‍ത്തി നയിച്ച തെരഞ്ഞെടുപ്പില്‍ നിതീഷ് തന്നെ അടുത്ത അഞ്ചുവര്‍ഷം ഭരിച്ചാല്‍ അതൊരു പുതിയ ചരിത്രമാകും. നിതീഷ് ഒരു പുതിയ നാഴികക്കല്ല് തീര്‍ക്കും. എന്നാല്‍, നിതീഷ് മുഖ്യമന്ത്രിയാകുമെന്ന തരത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും എന്‍ഡിഎ നേതൃത്വത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. ‘നിതീഷ് മുഖ്യമന്ത്രിയായി തുടരും’ എന്ന് ജെഡിയുവിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ഇട്ടിരുന്നെങ്കിലും മിനിറ്റുകള്‍ക്കകം ഇത് ഡിലീറ്റ് ചെയ്യപ്പെട്ടു. എന്തിനാണ് പോസ്റ്റിട്ട് ഡിലീറ്റ് ചെയ്തതെന്ന ചര്‍ച്ചയും ഇതോടെ സജീവമായി.
ബിജെപി ബിഹാറില്‍ തകര്‍പ്പന്‍ ജയം നേടിയതോടെയാണ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ വീണ്ടും ചര്‍ച്ച ഉയരുന്നത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ, പ്രചാരണത്തിനിടെ അമിത് ഷായോട് ആരാകും മുഖ്യമന്ത്രി എന്ന് ചോദിച്ചപ്പോഴും എങ്ങും തൊടാത്ത മറുപടിയാണ് അദ്ദേഹം നല്‍കിയത്. തെരഞ്ഞെടുപ്പിനു ശേഷം സഖ്യകക്ഷികള്‍ ചേര്‍ന്നു മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു ഷായുടെ മറുപടി. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രധാനവമന്ത്രി നരേന്ദ്രമോദിയടക്കം പ്രഖ്യാപിച്ചപ്പോഴും നിതീഷിനെ മുഖ്യമന്ത്രിയാക്കുന്ന കാര്യം പറഞ്ഞില്ല. ഇപ്പോഴാകട്ടെ നിര്‍ണായക ശക്തിയായതോടെ നിതിഷിനെ ഉപേക്ഷിക്കാനും വയ്യാത്ത സ്ഥിതിയിലാണ് ബിജെപി.
തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ പ്രകടനമാണ് കാഴ്ച വച്ചത്. നിലവില്‍ 90 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിക്കുകയാണ് ബിജെപി. ജെഡിയു ആകട്ടെ 83 സീറ്റുകളുമായി കഴിഞ്ഞ തവണത്തെ മോശം പ്രകടനം മറികടന്നിട്ടുമുണ്ട്. എങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നത് ബിജെപിക്ക് മേല്‍ക്കോയ്മ നല്‍കുന്ന കാര്യമാണ്.
മഹാരാഷ്ട്രയിലെന്നപോലെ, തങ്ങളുടെ നേതാക്കളിലൊരാളെ അധികാരത്തില്‍ പ്രതിഷ്ഠിക്കാന്‍ ബിജെപി ശ്രമിക്കുമെന്ന അഭ്യൂഹവും ശക്തമാണ്. 2024-ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍, ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെയെ മുന്‍നിര്‍ത്തി ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍, തെരഞ്ഞെടുപ്പിലെ ബിജെപി പുലര്‍ത്തിയ ആധിപത്യം മുഖ്യസ്ഥാനം ദേവേന്ദ്ര ഫഡ്‌നാവിസിന് ലഭിക്കാന്‍ കാരണമായി. സമാന സാഹചര്യമാണ് പലരും ബിഹാറിലും ചൂണ്ടിക്കാട്ടുന്നത്.
ഉപമുഖ്യമന്ത്രിയായിരുന്ന സാമ്രാട്ട് ചൗധരി ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശക്തമായ പേരുകാരില്‍ ഒരാളാണ്. സംഘടനാ വൈദഗ്ധ്യവും ബിഹാര്‍ രാഷ്ട്രീയത്തിലെ പരിചയവും ചൗധരിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ബിഹാര്‍ എന്‍ഡിഎയിലെ വലിയവരെന്നാണ് ജെഡിയു സ്വയം വിശേഷിപ്പിച്ചത്. എന്നാല്‍ സീറ്റ് വിഭജന ചര്‍ച്ചയില്‍ ബിജെപി തങ്ങളുടെ കാര്‍ഡ് കൃത്യമായി ഉപയോഗിച്ചു. സീറ്റുകള്‍ തുല്യമായാണ് വീതിച്ചത്. ഇരു പക്ഷവും 101 സീറ്റുകളില്‍ വീതമാണ് ഇത്തവണ മത്സരിച്ചത്. സഖ്യത്തില്‍ തങ്ങളുടെ അധികാരം ഉറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമമായാണ് ഇത് വിലയിരുത്തപ്പെട്ടത്.



