മലപ്പുറത്ത് ഇടത് കോട്ടയായ പഞ്ചായത്തില്‍ എല്‍ഡിഎഫിന് വിമതനായി സിഐടിയു നേതാവ്; കബീര്‍ അമ്പാരത്ത് 2020-ലും വിമതനായി മത്സരിച്ചു.

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇടത് കോട്ടയായ മാറഞ്ചേരി പഞ്ചായത്തില്‍ എല്‍ഡിഎഫിന് വിമത ഭീഷണി ഉയര്‍ത്തി സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട്. മാറഞ്ചേരി പഞ്ചായത്ത് പത്താംവാര്‍ഡിലാണ് സിപിഐ സ്ഥാനാര്‍ത്ഥിക്ക് എതിരെ വിമതനായി കബീര്‍ അമ്പാരത്ത് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചത്. കേരളാ റേഷന്‍ എംപ്ലോയീസ് യൂണിയന്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ടാണ് കബീര്‍ അമ്പാരത്ത്. 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിലും കബീര്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ഇതേതുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താകുകയും ചെയ്തു.

കാല്‍ നൂറ്റാണ്ടായി ഇടത് ഭരണം തുടരുന്ന ഉറച്ച ഇടത് കോട്ടയാണ് മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത്. സിപിഐ നേതാവ് കൂടിയായ നാസര്‍മാഷാണ് പത്താംവാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സ്വതന്ത്രനായി മത്സരിക്കുന്നതിന് കബീര്‍ അമ്പാരത്ത് വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. പാര്‍ട്ടി അംഗമല്ലെങ്കിലും സിഐടിയു സംസ്ഥാന ഭാരവാഹിയായ ഒരാള്‍ എല്‍ഡിഎഫ് കെട്ടുറപ്പിനെ തകര്‍ക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്നത് ഗുണകരമല്ലെന്നും വിഷയം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും സിപിഎം മാറഞ്ചേരി ലോക്കല്‍ സെക്രട്ടറി പി.സി. മൊയ്തീന്‍ പറഞ്ഞു.

നേരത്തേ സിപിഐഎം അംഗമായിരുന്നുവെങ്കിലും 2020-ല്‍ ജില്ലാ പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരേ വിമതനായി മത്സരിച്ചതിനാല്‍ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എസ്എഫ്‌ഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗവുമായ ദില്‍ഷാദ് കബീറിന്റെ പിതാവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനായി മത്സരിക്കാന്‍ പത്രിക നല്‍കിയ കബീര്‍ അമ്പാരത്ത്.

Scroll to Top