കോഴിക്കോട് സ്വര്‍ണക്കടയില്‍ മോഷണത്തിന് ശ്രമിച്ചത് മുന്‍ പഞ്ചായത്ത്് അംഗം; മാനസികാസ്വാസ്ഥ്യമെന്ന് ബന്ധുക്കള്‍

കോഴിക്കോട്: പന്തീരാങ്കാവിലെ സ്വര്‍ണക്കടയില്‍ വ്യാഴാഴ്ച മോഷണ ശ്രമത്തിനിടെ പിടിയിലായത് മുന്‍ പഞ്ചായത്ത് അംഗം. പൂവാട്ടുപറമ്പ് പരിയങ്ങാട് താടായില്‍ മേലേ മേത്തലേടം സൗദാബി എന്ന 47കാരി ഫറോക്ക് പഞ്ചായത്തിലെ മുന്‍ അംഗമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഫറോക്ക് നഗരസഭയാകുന്നതിനു മുന്‍പാണ് ഇവര്‍ ഇവിടെ പഞ്ചായത്ത് അംഗമായിരുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് സൗദാബി വസ്തുവകകള്‍ വിറ്റ് ഫറോക്കില്‍ നിന്ന് മാറിയിരുന്നു.

സൗദാബി ആദ്യം രണ്ടു തവണ മുഖം മറച്ചും പിന്നീട് മുഖം മറയ്ക്കാതെയുമാണ് ഇതേ കടയില്‍ വന്നതെന്ന് കടയുടമയുടെ മകള്‍ പൊലീസിന് മൊഴി നല്‍കി. മൂന്നു തവണ കടയിലെത്തിയ ശേഷം കൃത്യമായ മുന്നൊരുക്കങ്ങളോടെ കവര്‍ച്ചാശ്രമം നടത്തിയ സൗദാബിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി പൊലീസ് കരുതുന്നില്ല. വനിതാ സംരക്ഷണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായ ഇവരെ കോടതി അനുമതി ലഭിച്ചാല്‍ പിന്നീട് ചോദ്യം ചെയ്ത് തുടര്‍നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.

ചോദ്യം ചെയ്യലിനു ശേഷം സൗദാബിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു സര്‍ക്കാര്‍ വനിതാ സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് ഇവരെ മാറ്റി. കുരുമുളക് സ്‌പ്രേ, പെട്രോള്‍, സിഗററ്റ് ലൈറ്റര്‍ തുടങ്ങിയവ കൊണ്ടായിരുന്നു ഇവര്‍ കഴിഞ്ഞ ദിവസം സ്വര്‍ണക്കടയില്‍ മോഷണ ശ്രമം നടത്തിയത്.

Scroll to Top