
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വോട്ട് ചോദിച്ച് വീട്ടിലെത്തിയ ബിജെപി പ്രവര്‍ത്തകന്‍ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡില്‍ വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. പരാതിയെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകനായ രാജുവിനെതിരെ കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.
ഇടവിളാകം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി അനുയായികളുമായി വീടുകളില്‍ കയറി വോട്ടഭ്യര്‍ത്ഥിക്കുന്നതിനിടെ സ്ഥാനാര്‍ത്ഥിക്കൊപ്പം വന്ന പ്രവര്‍ത്തകരില്‍ ഒരാളായ രാജു വീട്ടമ്മയോട് കുടിക്കാന്‍ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം, കൂടെ വന്നിരുന്ന മറ്റെല്ലാ പ്രവര്‍ത്തകരും വീടിന് പുറത്തേക്ക് ഇറങ്ങിയിരുന്നു. വീട്ടമ്മ വെള്ളം എടുക്കുന്നതിനായി വീടിനുള്ളിലേക്ക് പോയപ്പോള്‍, രാജു പിന്നാലെ കയറി ചെല്ലുകയും വീട്ടമ്മയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വീട്ടമ്മ ബഹളം വെച്ചതിനെ തുടര്‍ന്ന് രാജു ഉടന്‍ തന്നെ അവിടെനിന്നും ഇറങ്ങി ഓടി.
വീട്ടമ്മ മംഗലപുരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് രാജുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നും പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.



