ചില തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ സിപിഐഎം ഫ്രാക്ഷന്‍ പോലെ; സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും ഭീഷണി; ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു: വി.ഡി സതീശന്‍

തിരുവന്തപുരം: സിപിഐഎമ്മിനും എല്‍ഡിഎഫിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളുവാന്‍ മാത്രം സിപിഐഎം ഫ്രാക്ഷന്‍ പോലെ ഒരുസംഘം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതായി വി.ഡി സതീശന്‍ പറഞ്ഞു. നിയമവിരുദ്ധമായി യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളുകയാണ്. സിപിഎം എതിരില്ലാതെ വിജയിച്ച കണ്ണൂരിലെ മലപ്പട്ടത്തും ആന്തൂരിലും കണ്ണപുരത്തും എല്ലാം സംഭവിച്ചത് ഇതാണ്.

നേരിട്ട് ഹാജരായ സ്ഥാനാര്‍ത്ഥിയുടെ ഒപ്പ് പോലും വ്യാജമാണെന്ന് പറഞ്ഞു. എറണാകുളം കടമക്കുടി ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ തിരുത്തിയ പത്രിക സമര്‍പ്പിക്കാന്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി വരണാധികാരിക്ക് മുന്നില്‍ എത്തുന്നത് വൈകിപ്പിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ച സംഭവവും ഉണ്ടായി. ജനാധിപത്യത്തെ കശാപ്പ് ചെയ്താണ് തെരഞ്ഞെടുപ്പിനു മുന്‍പേ കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ഥികള്‍ വിജയം ആഘോഷിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗുണ്ടായിസം കാട്ടിയും ഭയപ്പെടുത്തിയും എതിര്‍ സ്ഥാനാര്‍ഥികളെയോ എതിര്‍ രാഷ്ട്രീയത്തെയോ അനുവദിക്കാത്ത ഒരു പാര്‍ട്ടിയുടെ കാടത്തമാണ് സിപിഎമ്മിന്റെ ആഘോഷങ്ങളിലൂടെ പുറത്തുവരുന്നത്. സംസ്ഥാന സെക്രട്ടറിയുടെ വാര്‍ഡില്‍ പോലും സിപിഎം ക്രിമിനലുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളാകാന്‍ തയാറായവരെ ഭീഷണിപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയില്‍ എതിര്‍ സ്ഥാനാര്‍ഥിയെ തട്ടിക്കളയുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. പഞ്ചായത്തിലും സ്വന്തം വാര്‍ഡിലും ജില്ലയിലും ജനാധിപത്യവും സ്വാതന്ത്ര്യവും അനുവദിക്കാത്ത പിണറായി വിജയനും എം.വി ഗോവിന്ദനുമാണ് ഫാസിസ്റ്റ് വിരുദ്ധ ക്ലാസെടുക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

Scroll to Top