ചണ്ഡീഗഢിനെ അടര്‍ത്താന്‍ കേന്ദ്രനീക്കം? രാഷ്ട്രപതിക്ക് അധികാരം നല്‍കുന്ന ബില്‍ പാര്‍ലമെന്റിലേക്ക്; തര്‍ക്കം, വിവാദം; തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രം

ചണ്ഡീഗഢ്: ചണ്ഡീഗഢിനെ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും അടര്‍ത്തിയെടുത്ത് ഭരണഘടനയുടെ 240-ാം അനുച്ഛേദത്തിന്റെ പരിധിയില്‍ കൊണ്ടുവരാനുള്ള കേന്ദ്രനീക്കം വിവാദത്തില്‍. ചണ്ഡീഗഢിനു മാത്രമായുള്ള നിയമങ്ങള്‍ നേരിട്ട് രൂപീകരിക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്നതാണ് 240-ാം അനുച്ഛേദം. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഡിസംബര്‍ ഒന്നിനാണ് ശീതകാല സമ്മേളനം ആരംഭിക്കുന്നത്. നിലവില്‍ പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമാണ് ചണ്ഡീഗഡ്. പഞ്ചാബ് ഗവര്‍ണറാണ് ചണ്ഡീഗഡിന്റെയും അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിക്കുന്നത്.

കേന്ദ്രനീക്കം വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. പഞ്ചാബിലെ ഭരണകക്ഷിയായ എഎപിയും പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും അകാലിദളും കേന്ദ്രത്തിന്റെ ഈ നീക്കത്തെ ‘പഞ്ചാബ് വിരുദ്ധം’ എന്നാണ് വിമര്‍ശിച്ചത്. പഞ്ചാബിന്റെ തലസ്ഥാനം തട്ടിയെടുക്കാന്‍ ബിജെപി സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്നാണ് കേന്ദ്ര നീക്കത്തെ വിമര്‍ശിച്ചു മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറയുന്നത്. ചണ്ഡീഗഢ് എന്നും പഞ്ചാബിന്റെ അവിഭാജ്യ ഘടകമാണെന്നും അതെന്നും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിന്റെ സ്വത്വത്തിന് നേരെയുള്ള ആക്രമണമാണിതെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എഎപി അധ്യക്ഷനുമായ അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. ചണ്ഡീഗഡ് പഞ്ചാബിന്റേതാണ്, അത് തട്ടിയെടുക്കാനുള്ള ഏതൊരു ശ്രമത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ വാറിങ്ങും പറഞ്ഞു.

അതേസമയം, രാഷ്ട്രീയ തിരിച്ചടി ഭയന്ന്, ഭേദഗതി കൊണ്ടുവരുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എല്ലാവരോടും ചര്‍ച്ചചെയ്തു മാത്രമേ തീരുമാനം എടുക്കുകയുള്ളൂവന്നും മന്ത്രാലയം അറിയിച്ചു. എന്തായാലും ഈ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കില്ലെന്നും കേന്ദ്രം പറഞ്ഞിട്ടുണ്ട്.

Scroll to Top