
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും രാഹുല്‍ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഭാഗമല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസ് നിയമസഭാകക്ഷിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ആ വിഷയത്തില്‍ പോലീസിന്റെ അന്വേഷണം കുറച്ചുനാളായി നടക്കുകയാണ്. എന്നാല്‍, അന്വേഷണം എവിടെയും എത്തിയിട്ടില്ല. ഇപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് വാര്‍ത്തകളില്‍ കാണുന്നു. ആ പരാതി അതിന്റെ നിയമാനുസൃത നടപടികളുമായി മുന്നോട്ടുപോകട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു.
പരാതിക്കുപിന്നില്‍ എന്തെങ്കിലും രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉയര്‍ത്തുന്ന ജനകീയ പ്രശ്നങ്ങള്‍, സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍, ശബരിമലയിലെ സ്വര്‍ണക്കൊള്ള അതൊന്നും ഇതുകൊണ്ട് മറച്ചുപിടിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി.
പരാതിയുടെ അടിസ്ഥാനത്തില്‍ രാഹുലിനെതിരേ കൂടുതല്‍ നടപടികളുണ്ടാകുമോ എന്ന ചോദ്യത്തിന്, നിയമനടപടികള്‍ സ്വീകരിക്കേണ്ടത് ഞങ്ങളല്ലല്ലോ എന്നാണ് കെപിസിസി അധ്യക്ഷന്‍ മറുപടി നല്‍കിയത്. പാര്‍ട്ടിയില്‍നിന്ന് ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭച്ഛിദ്രത്തിനു നിര്‍ബന്ധിച്ചെന്നും കാട്ടി ഇന്നാണ് അതിജീവിതയായ യുവതി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നല്‍കിയത്. ചാറ്റും വോയ്സ് റെക്കോര്‍ഡും സ്ക്രീന്‍ഷോട്ടും അടക്കം ഡിജിറ്റല്‍ തെളിവുകളും യുവതി കൈമാറിയിട്ടുണ്ട്. ഇതുവരെ യുവതി പരാതി നല്കാന് തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്ന് വഴിമുട്ടിയ കേസന്വേഷണത്തിന്റെ ഗതിമാറ്റുന്നതാണ് പരാതി. നേരിട്ട് പരാതി ലഭിച്ചതോടെ രാഹുലിന്റെ അറസ്റ്റിലേക്ക് വരെ കാര്യങ്ങള്‍ നീളാന്‍ സാധ്യതയുണ്ട്.



