
ഇടുക്കി: മൂന്നാറില്‍ സ്കൈ ഡൈനിംഗിനിടെ ആകാശത്ത് കുടുങ്ങിയ സഞ്ചാരികളെ താഴെയിറക്കി. 120 അടി ഉയരത്തില്‍ കുടുങ്ങിയ വിനോദസഞ്ചാരികളും ജീവനക്കാരിയും അടക്കം അഞ്ചുപേരെയും ഫയര്‍ഫോഴ്സ് സംഘം സുരക്ഷിതമായി താഴെയിറക്കി. അതിസാഹസികമായ രക്ഷാദൗത്യത്തിനൊടുവിലാണ് അഞ്ചുപേരെയും സുരക്ഷിതമായി താഴെയെത്തിച്ചത്. മൂന്നാറിനു സമീപം ആനച്ചാലിലാണ് സ്കൈ ഡൈനിങ്ങിനിടെ വിനോദസഞ്ചാരികള്‍ കുടുങ്ങിയത്.
ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. ആനച്ചാലിലെ സതേണ്‍ സ്കൈസില്‍ സ്കൈ ഡൈനിങ് ആസ്വദിക്കാന്‍ എത്തിയ നാലംഗ കുടുംബവും ജീവനക്കാരിയും 120 അടി ഉയരത്തില്‍ കുടുങ്ങുകയായിരുന്നു. മംഗലാപുരത്ത് താമസിക്കുന്ന മലയാളികളായ മുഹമ്മദ് സ്വഫാന്‍, ഭാര്യ തൗഫീന, മക്കളായ ഇവാന്, ഇനാര എന്നിവരും ജീവനക്കാരി ഹരിപ്രിയയുമാണ് ആകാശ പേടകത്തിലുണ്ടായിരുന്നത്. ക്രെയിനിന്റെ ഹൈഡ്രോളിക് ലിവര്‍ തകരാറിലായതോടെ 120 അടി ഉയരത്തില്‍ സഞ്ചാരികള്‍ കുടുങ്ങി.
എന്നാല്‍, വിനോദ സഞ്ചാരികള്‍ കുടുങ്ങിയിട്ടും നടത്തിപ്പുകാര്‍ അഗ്നിരക്ഷാസേനയെ അറിയിച്ചില്ല. നടത്തിപ്പുകാര്‍ ഇവരെ താഴെയിറക്കാന്‍ ശ്രമം നടത്തിയെങ്കിലും നടക്കാതെ വന്നതോടെ അഗ്നിശമനസേന സ്ഥലത്തെത്തി. താഴെ വലവിരിച്ച് വടം ഉപയോഗിച്ചാണ് ആളുകളെ സുരക്ഷിതരായി താഴെ എത്തിച്ചത്. താഴെയിറക്കിയ സഞ്ചാരികള്‍ക്ക് പ്രാഥമിക ചികിത്സ നല്കി. നീയമാനസൃതമായാണോ സാഹസിക വിനോദമായ സ്കൈ ഡൈനിങ് പ്രവര്‍ത്തിക്കുന്നതെന്ന് വെള്ളത്തൂവല്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ക്രെയിനില്‍ 120 അടിയോളം ഉയരത്തില്‍ ആകാശക്കാഴ്ചകള്‍ ആസ്വദിക്കുന്നതിനും ആഹാരം കഴിക്കുന്നതിനുമുള്ള സംവിധാനമാണ് സ്കൈ ഡൈനിങ്ങില്‍ ഒരുക്കിയിരുന്നത്. പ്രത്യേക പേടകത്തിലാണ് സഞ്ചാരികളെ ക്രെയിനില്‍ മുകളിലേക്ക് ഉയര്‍ത്തുന്നതും നിലത്തിറക്കുന്നതും. ഇതിനായുള്ള ഹൈഡ്രോളിക് ലിവറാണ് തകരാറിലായത്. ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന അഡൈ്വഞ്ചര്‍ ടൂറിസത്തിന്റെ ഭാഗമായി അടുത്തിടെയാണ് ഇടുക്കി ആനച്ചാലില്‍ സ്കൈ ഡൈനിംഗ് തുടങ്ങിയത്. 120 അടി ഉയരത്തിലാണ് ആകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്ന പദ്ധതി. അരമണിക്കൂറിലേറെ സമയമാണ് അവിടെ ചിലവിടുക. ഒരേസമയം 15 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ആകാശക്കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യത്തോടെയാണ് പദ്ധതി.



