ലൈംഗികത്തൊഴിലാളിയെ അടിച്ചുകൊന്നു; പദ്ധതിയിട്ടത് തൊട്ടടുത്ത പറമ്പില്‍ കുഴിച്ചിടാന്‍; ശ്രമം പാളിയത് ഇങ്ങനെ…

കൊച്ചി: എറണാകുളം തേവരയ്ക്കടുത്ത് കോന്തുരുത്തിയില്‍ ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തിയ ജോര്‍ജ് താന്‍ ആസൂത്രണം ചെയ്ത പദ്ധതി പൊലീസിനോട് വിശദീകരിച്ചു. തൊട്ടടുത്തുള്ള പറമ്പില്‍ മൃതദേഹം കുഴിച്ചിടാനായിരുന്നു ജോര്‍ജിന്റെ പദ്ധതി. എന്നാല്‍, സമീപത്തെ പലചരക്ക് കട പുലര്‍ച്ചെ തുറന്നതോടെ പ്ലാന്‍ പരാജയപ്പെട്ടു. പിന്നാലെ അവിടിരുന്ന് ഉറങ്ങിപ്പോകുകയും ചെയ്തു. മൃതദേഹത്തിനൊപ്പം ഇരുന്നുറങ്ങുന്ന ജോര്‍ജിനെ ഹരിതകര്‍മ സേനാംഗം കണ്ടതാണ് പിടിക്കപ്പെടാന്‍ കാരണം. ജോര്‍ജുമായി പൊലീസ് തെളിവെടുപ്പ് നടത്തി.

പാലക്കാട് സ്വദേശിനിയായ ബിന്ദുവാണ് ഇക്കഴിഞ്ഞ 21ന് രാത്രി കൊല്ലപ്പെട്ടത്. ലൈംഗികത്തൊഴിലാളിയായ ബിന്ദുവും ജോര്‍ജും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം പണത്തെ ചൊല്ലി തര്‍ക്കമുണ്ടാകുകയും ബിന്ദുവിനെ ജോര്‍ജ് ഇരുമ്പ് പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം മൃതദേഹം സമീപത്തെ പറമ്പില്‍ കുഴിച്ചിടാന്‍ പദ്ധതിയിട്ടു. ഇതിനായി ബിന്ദുവിന്റെ ബാഗ് അടക്കമുള്ള വസ്തുക്കള്‍ ഈ പറമ്പില്‍ കൊണ്ടിടുകയും ചെയ്തു. മുക്കാല്‍ കിലോമീറ്ററോളം അകലെയുള്ള അപ്പക്കടയില്‍ നിന്ന് ചാക്ക് വാങ്ങി കുഴിച്ചിടാനായിരുന്നു ജോര്‍ജ് തീരുമാനിച്ചത്. തുടര്‍ന്ന് മൃതദേഹം കയറുകൊണ്ട് കെട്ടി വീടിന്റെ മുന്നിലുള്ള ഇടവഴിയിലൂടെ പകുതിദൂരം വലിച്ചു കൊണ്ടു വന്നു. ഇതിനിടയിലാണ് വീടിന്റെ മുന്നിലുള്ള പലചരക്കുകകട തുറന്നത്. ഇതോടെ മൃതദേഹം വലിച്ചുകൊണ്ടു പോയാല്‍ പിടിക്കപ്പെടുമെന്ന് കണ്ട് ജോര്‍ജ് ഇടവഴിയില്‍ തന്നെ ഇരിക്കുകയും അവിടെയിരുന്ന് ഉറങ്ങിപ്പോവുകയുമായിരുന്നു. മദ്യലഹരിയിലായതിനാല്‍ നേരം വെളുത്തിട്ടും ഇവിടെ നിന്ന് എഴുന്നേല്‍ക്കാനും സാധിച്ചില്ല. ജോര്‍ജിന്റെ വീടിനും കോന്തുരുത്തി പള്ളിക്കും ഇടയിലുള്ള വളവിനോടു ചേര്‍ന്നുള്ള സ്ഥലത്താണ് കുഴിച്ചിടാന്‍ തീരുമാനിച്ചത്. ഈ സ്ഥലം ജോര്‍ജിനെ മേല്‍നോട്ടത്തിന് ഏല്‍പ്പിച്ചതാണ്. ഇതിന്റെ താക്കോലും ജോര്‍ജിന്റെ പക്കലാണ്.

ഇക്കഴിഞ്ഞ 21ന് രാത്രിയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. കോന്തുരുത്തി കൊടിയന്തറ കെ.കെ.ജോര്‍ജാണ് പാലക്കാട് സ്വദേശിയായ ബിന്ദുവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായത്. ഭാര്യയും ജോര്‍ജും കൊച്ചുമകളുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ മകളുടെ വീടായ പാലായില്‍ പോയി തിരികെ വന്നതിന്റെ അന്നായിരുന്നു സംഭവവികാസങ്ങള്‍. ജോര്‍ജ് മാത്രമാണ് അന്ന് മടങ്ങി വന്നത്. ബാങ്കില്‍ നിന്ന് 16,000 രൂപ അന്ന് ജോര്‍ജ് പിന്‍വലിച്ചിരുന്നു. പിന്നീട് തേവരയിലുള്ള ബാറില്‍ കയറി മദ്യപിച്ചു. തുടര്‍ന്ന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് അടുത്തുള്ള ഗവ. ഗേള്‍സ് ഹൈസ്‌കൂളിനു സമീപത്തു നിന്ന് ബിന്ദുവിനേയും കൂട്ടി അപ്പവും ചിക്കന്‍ കറിയും വാങ്ങി ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോയി.

500 രൂപ പറഞ്ഞുറപ്പിച്ചായിരുന്നു ബിന്ദുവിനെ കൊണ്ടുവന്നതെങ്കിലും ഇവര്‍ പണം കൂടുതല്‍ ചോദിച്ചതോടെ ഇരുമ്പുപാരയ്ക്ക് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് ജോര്‍ജ് മൊഴി നല്‍കിയിരിക്കുന്നത് എന്നറിയുന്നു.ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ ഡ്രൈവവറുടെ മൊഴി രേഖപ്പെടുത്തിയതായി സൗത്ത് എസ്എച്ച്ഒ പി.ആര്‍.സന്തോഷ് പറഞ്ഞു. തെളിവെടുപ്പിനും ആദ്യഘട്ട ചോദ്യം ചെയ്യലുകള്‍ക്കും ശേഷം ജോര്‍ജിന്റെ ഭാര്യയുടെ മൊഴിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Scroll to Top