വി.സി നിയമനങ്ങള്‍ വൈകുന്നതില്‍ സുപ്രീംകോടതിക്ക് അതൃപ്തി; ദുലിയ റിപ്പോര്‍ട്ടില്‍ എത്രയും വേഗം തീരുമാനം എടുക്കണം

ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനങ്ങളില്‍ തീരുമാനം വൈകുന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ജസ്റ്റിസ് ദുലിയ റിപ്പോര്‍ട്ടില്‍ തീരുമാനം വൈകുന്നതിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. എത്രയും വേഗം തീരുമാനം എടുക്കണമെന്ന് ജസ്റ്റിസ് ജെ.ബി.പര്‍ദിവാല, ജസ്റ്റിസ് കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. ജസ്റ്റിസ് ദുലിയ നല്‍കിയത് വെറും കടലാസ് കഷ്ണം അല്ലെന്ന് സുപ്രീം കോടതി ഓര്‍മിപ്പിച്ചു. എതിര്‍പ്പുള്ളവരുടെ വാദം കേട്ട ശേഷം അന്തിമ തീരുമാനമെടുക്കുന്നത് സുപ്രീം കോടതി ആയിരിക്കും.

സെര്‍ച്ച് കമ്മിറ്റിയുടെ തീരുമാനത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് അറിയിക്കാമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രി നല്‍കുന്ന പട്ടികയിലെ മുന്‍ഗണനാ ക്രമമനുസരിച്ച് ചാന്‍സലര്‍ നിയമനം നടത്തണമെന്നും മുന്‍ഗണനാ ക്രമത്തില്‍ പട്ടിക നല്‍കാന്‍ മുഖ്യമന്ത്രിക്കാണ് അധികാരമെന്നും കോടതി ഉത്തരവില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ നിലപാടില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചാന്‍സലര്‍ അക്കാര്യം സുപ്രീം കോടതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. അനുയോജ്യരല്ലാത്തവര്‍ ചുരുക്കപ്പട്ടികയിലുണ്ടെങ്കില്‍ മുഖ്യമന്ത്രി അക്കാര്യം രേഖാമൂലം ചാന്‍സലറെ അറിയിക്കണമെന്നും കോടതി പറഞ്ഞു.

Scroll to Top