പരാതിക്കാരി ഫ്‌ളാറ്റില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യം ലഭിച്ചില്ല; പാലക്കാട്ടെ ഫ്‌ളാറ്റില്‍ പൊലീസ് പരിശോധന; യുവതിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വ്യാപകമായി കേസ്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ പൊലീസ് പരിശോധന നടത്തി. പരാതിക്കാരിയായ യുവതി ഫ്‌ളാറ്റിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കുന്നതിനായിരുന്നു പരിശോധന നടത്തിയത്. എന്നാല്‍, പരാതിക്കാരി ഫ്‌ളാറ്റില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചില്ല. യുവതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. എന്നാല്‍ സിസിടിവിയുടെ ഡിവിആറിന് ബാക്കപ്പ് കുറവായതിനാല്‍ യുവതി എത്തിയ ദിവസത്തെ ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നാണ് വിവരം.

ഞായറാഴ്ച രാവിലെയാണ് അന്വേഷണസംഘം പാലക്കാട്ടെ ഫ്‌ളാറ്റിലെത്തിയത്. പാലക്കാട് ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് ഒപ്പമുണ്ടായിരുന്നു. രാവിലെ ഫ്‌ളാറ്റില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയ അന്വേഷണ സംഘം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം വീണ്ടും സ്വകാര്യ വാഹനത്തില്‍ അഞ്ചംഗ സംഘം ഫ്‌ലാറ്റിലെത്തുകയായിരുന്നു. എന്നാല്‍, യുവതി പരാതിയില്‍ പറയുന്ന അത്രയും കാലം മുന്‍പത്തെ ദൃശ്യം ഡിവിആറില്‍ സൂക്ഷിക്കാന്‍ കഴിയില്ലെന്നാണ് കണ്ടെത്തിയത്. ഒരുപക്ഷേ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കസ്റ്റഡിയിലെടുത്ത് ഫൊറന്‍സിക് പരിശോധനയ്ക്ക് ശേഷം അവ ബാക്കപ്പ് ചെയ്തെടുക്കാനുള്ള ശ്രമം പൊലീസ് നടത്തിയേക്കാം. ഫ്ളാറ്റിന് സമീപത്തെ സിസിടിവികളിലെ ദൃശ്യങ്ങളും പരിശോധിച്ചേക്കുമെന്ന് സൂചനയുണ്ട്.

പാലക്കാട്ടെ ഫ്ളാറ്റിലെത്തിച്ചും രാഹുല്‍ പീഡിപ്പിച്ചെന്ന് പരാതിക്കാരിയുടെ മൊഴിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് എത്തിയത്. ഞായറാഴ്ച രാവിലെ ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് ശേഷവും തുടര്‍ന്നു. രാഹുലിന്റെ രണ്ട് കാറുകളും ഫ്ളാറ്റില്‍ തന്നെയുണ്ട്. അതേസമയം, രാഹുല്‍ കോയമ്പത്തൂരില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് സൂചന. ഇദ്ദേഹത്തിന് വേണ്ടി പോലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.

അതേസമയം, പരാതിക്കാരിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ സൈബര്‍ പൊലീസ് കേസെടുത്തു. യുവതിയുടെ പരാതിയിലാണ് പൊലീസ് കേസ്. സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് യുവതി നല്‍കിയ പരാതിയില്‍ ഒരോ ജില്ലകളിലും കേസെടുക്കാനാണ് എഡിജിപി വെങ്കിടേഷിന്റെ നിര്‍ദേശം. സൈബര്‍ ആക്രമണത്തില്‍ അറസ്റ്റുണ്ടാകുമെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും എഡിജിപി അറിയിച്ചു.

Scroll to Top