ആറുപ്രതികള്‍ക്കും ഒരേശിക്ഷ; 20 വര്‍ഷം തടവ്; അതിജീവിതയ്ക്ക് 5 ലക്ഷം രൂപ നല്‍കണം; വിധി കേട്ട് കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് രണ്ടാംപ്രതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കും 20 വര്‍ഷം വീതം കഠിനതടവ് വിധിച്ച് കോടതി. പ്രതികള്‍ 50,000 രൂപ വീതം പിഴയും അടയ്ക്കണം. പിഴത്തുകയില്‍ നിന്ന് 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി.എം.വര്‍ഗീസ് ആണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും 20 വര്‍ഷം കഠിനതടവിന് വിധിക്കുകയായിരുന്നു. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവ് 3,00,000 രൂപ പിഴയുമാണ് ശിക്ഷ. രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി 20 വര്‍ഷം കഠിന തടവും ഒ രുലക്ഷം രൂപ പിഴയും അടയ്ക്കണം. മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വി.പി, അഞ്ചാം പ്രതി എച്ച്.സലീം എന്ന വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവര്‍ക്ക് 20 വര്‍ഷം വീതം കഠിന തടവും 75, 000 രൂപ പിഴയും അടയ്ക്കാന്‍ വിചാരണക്കോടതി വിധിച്ചു. പിഴത്തുകയില്‍ നിന്ന് 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു.

ഒന്നാം പ്രതി പള്‍സര്‍ സുനി ഏഴരവര്‍ഷം വിചാരണ തടവുകാരനായി കഴിഞ്ഞതിനാല്‍ ഇനി പന്ത്രണ്ടര വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. രണ്ടാംപ്രതി മാര്‍ട്ടിന് ഇനി പതിമൂന്നര വര്‍ഷമാണ് തടവ് അനുഭവിക്കേണ്ടി വരുക. ബാക്കി നാലു പ്രതികള്‍ക്കും 15 വര്‍ഷം തടവ് അനുഭവിക്കണം. വിധിപ്രസ്താവത്തിനു പിന്നാലെ രണ്ടാംപ്രതി മാര്‍ട്ടിന്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. ശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ട്ടിന്‍ പൊട്ടിക്കരഞ്ഞത്.

അന്തിമവാദം കേട്ട് ഉദ്വേഗജനകമായ ഒരു പകല്‍ നീണ്ട കാത്തിരിപ്പിനും വാദപ്രതിവാദങ്ങള്‍ക്കും ശേഷമായിരുന്നു വിധിപ്രസ്താവം. 3.30ന് വിധി പ്രസ്താവിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നതെങ്കിലും വിധിപ്പകര്‍പ്പ് പ്രിന്റ് ചെയ്യുന്നതിലെ സാങ്കേതിക കാലതാമസം കാരണം 4.45 ഓടെയാണ് വിധി പ്രസ്താവിച്ചത്. പ്രതികളുടെ പ്രായം കൂടി പരിഗണിക്കണമെന്നും എല്ലാ പ്രതികളും 40 വയസിനു താഴെയുള്ളവരാണെന്നും കോടതി വിധിയില്‍ പറയുന്നു.

അതേസമയം അതിജീവിത കടന്നുപോയത് വലിയ ട്രോമയില്‍ കൂടിയാണെന്നും കോടതി വിധിയില്‍ പറഞ്ഞു. ഒന്നാം പ്രതിക്ക് ഒഴികെ മറ്റുള്ളവര്‍ക്ക് കേസിലെ മറ്റു പ്രതികളായിരുന്ന പി.ഗോപാലകൃഷ്ണന്‍ (ദിലീപ്), ചാര്‍ലി തോമസ്, സനില്‍ കുമാര്‍, ജി.ശരത്ത് എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. നടന്‍ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്റെ കസ്റ്റഡിയില്‍ സുരക്ഷിതമായി വയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. ആറുപ്രതികളെയും ഉടന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. അതേസമയം രണ്ടാം പ്രതി മാര്‍ട്ടിന്‍ വിധി പ്രസ്താവം കേട്ടതോടെ കോടതിയില്‍ പൊട്ടിക്കരഞ്ഞു.

Scroll to Top