പറന്നുയര്‍ന്ന ഉടന്‍ എന്‍ജിന്‍ തകരാര്‍; ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തിര ലാന്‍ഡിംഗ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പറന്നുയര്‍ന്ന ഉടന്‍ എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. എയര്‍ ഇന്ത്യയുടെ ബോയിംഗ് 777-337 ഇആര്‍ വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഉടന്‍ സാങ്കേതിക തകരാര്‍ കാണുകയും തിരിച്ചിറക്കുകയുമായിരുന്നു. വലതുവശത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദം (Oil Pressure) പെട്ടെന്ന് കുറഞ്ഞതായിരുന്നു തകരാര്‍. ഇതേതുടര്‍ന്ന് വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കി.

പുലര്‍ച്ചെ 3:20-നാണ് വിമാനം ടേക്ക് ഓഫ് ചെയതത്. പറന്നുയര്‍ന്നതിന് പിന്നാലെ രണ്ടാമത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദത്തില്‍ അസ്വാഭാവികമായ കുറവ് പൈലറ്റുമാരുടെ ശ്രദ്ധയില്‍പ്പെട്ടു. താമസിയാതെ ഇത് പൂജ്യത്തിലേക്ക് താഴ്ന്നതോടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വിമാനം തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ആര്‍ക്കും പരുക്കുകളില്ലെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. വിമാനത്തിന്റെ എന്‍ജിന്‍ ഘടകങ്ങള്‍ തണുപ്പിക്കാനും സുഗമമായി പ്രവര്‍ത്തിപ്പിക്കാനും ഓയില്‍ അത്യാവശ്യമായതിനാല്‍, മര്‍ദം പൂജ്യമാകുന്നത് എന്‍ജിന്‍ പരാജയപ്പെടാനോ തീപിടിക്കാനോ ഉള്ള സാധ്യതയുണ്ട്. അതിനാലാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്.

സംഭവത്തെത്തുടര്‍ന്ന് സിവില്‍ വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇതിനുപുറമെ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോട് അന്വേഷണം നടത്താനും മന്ത്രാലയം നിര്‍ദ്ദേശിച്ചു. നിലവില്‍ വിമാനം വിശദമായ സാങ്കേതിക പരിശോധനകള്‍ക്ക് വിധേയമാക്കുകയാണെന്നും സുരക്ഷാ ക്ലിയറന്‍സ് ലഭിച്ചതിന് ശേഷം മാത്രമേ ഇനി സര്‍വീസിന് ഉപയോഗിക്കൂ എന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് മുംബൈയിലേക്ക് പോകാന്‍ പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ അറിയിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ പ്രധാന സാങ്കേതിക തകരാറാണിത്. ഡിസംബര്‍ 18-ന് ഗന്നവാരം വിമാനത്താവളത്തില്‍ മുന്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ഉള്‍പ്പെടെയുള്ള പ്രമുഖര്‍ യാത്ര ചെയ്യാനിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനവും എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു.

Scroll to Top