
പത്തനംതിട്ട: മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ച് ബിജെപിയില്‍ പോയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. മുഖ്യമന്ത്രി പിണറായി വിജയന് ഒന്നും കിട്ടാത്തത് കൊണ്ടാണ് മറ്റത്തൂരിനെ കുറിച്ച് പറയുന്നത്. തോറ്റു തൊപ്പിയിട്ട് ഇരിക്കുമ്പോഴും പരിഹസിക്കുന്നതിലാണ് മുഖ്യമന്ത്രിക്ക് താത്പര്യം. മറ്റത്തൂരിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ട്ടിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതു കൊണ്ടാണ് അവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുത്തത്. അല്ലാതെ അവരൊന്നും കോണ്‍ഗ്രസില്‍ പോയിട്ടില്ല. മുഖ്യമന്ത്രി ബിജെപിയെ ശക്തിപ്പെടുത്താന്‍ നില്‍ക്കുകയാണെന്നും സതീശന് പറഞ്ഞു.
മറ്റത്തൂരില്‍ വിജയിച്ച രണ്ടു വിമതന്മാരില് ഒരാളെ സി.പി.എം പഞ്ചായത്ത് പ്രസിഡണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റുള്ളവരെല്ലാം ചേര്‍ന്ന് മറ്റൊരു വിമതന് പഞ്ചായത്ത് പ്രസിഡണ്ട് ആകാനുള്ള പിന്തുണ നല്കി. അത് പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമാണ്. അല്ലാതെ അവര്‍ ബി.ജെ.പിയില്‍ പോയിട്ടില്ലെന്ന് വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ആഗ്രഹം അവര്‍ ബി.ജെ.പിയില്‍ പോകണമെന്നാണ്. അതാണ് അദ്ദേഹം പറയുന്നതെന്നും സതീശന് വിമര്‍ശിച്ചു.
മറ്റത്തൂര്‍ പഞ്ചായത്തിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ എട്ട് അംഗങ്ങളാണ് രാജിവെച്ചത്. തുടര്‍ന്ന് ബിജെപിക്കൊപ്പം ചേര്‍ന്ന് യുഡിഎഫ് വിമതയായി ജയിച്ചെത്തിയ ടെസി ജോസ് കല്ലറയ്ക്കലിനെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പിന്തുണച്ചു. അങ്ങനെ ടെസി ജോസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.



