കഴക്കൂട്ടത്ത് നാലുവയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത; കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍; മരിച്ചത് ഇതര സംസ്ഥാന തൊഴിലാളിയുടെ മകന്‍

|REPRESENTATIVE IMAGE|

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സുകാരന്‍ മകനെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തില്‍ ദുരൂഹത സംശയിച്ച് പൊലീസ്. കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍ കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. ഇതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴക്കൂട്ടത്തെ ലോഡ്ജില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകന്‍ ഗില്‍ദര്‍ (4) ആണ് മരിച്ചത്. കുഞ്ഞിന്റെ അമ്മയെയും ആണ്‍ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.

വൈകുന്നേരം ആറു മണിയോടെയാണ് കുട്ടിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുഞ്ഞിന് ജീവനില്ലായിരുന്നു. ശരീരം തണുത്ത അവസ്ഥയിലായിരുന്നു. ഉച്ചയ്ക്ക് ആഹാരം കൊടുത്ത് ഉറക്കിയ കുഞ്ഞ് വൈകുന്നേരം അനക്കം ഇല്ലാതെ കിടക്കുന്നത് കണ്ടാണ് ആശുപത്രിയില്‍ എത്തിച്ചതെന്നാണ് മാതാവ് ഡോക്ടറോട് പറഞ്ഞത്. കുഞ്ഞിനെ വിശദമായി പരിശോധിച്ച ഡോക്ടറാണ് കഴുത്തില്‍ രണ്ട് പാടുകള്‍ കണ്ടെത്തിയത്.

കയറോ തുണിയോ കൊണ്ട് മുറുക്കിയതാണ് പാടുകള്‍ എന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവികത തോന്നിയ ഡോക്ടര്‍ ഉടന്‍ തന്നെ കഴക്കൂട്ടം പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് മാതാവായ മുന്നി ബീഗത്തെയും സുഹൃത്ത് തന്‍ബീര്‍ ആലത്തേയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടി മരിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്.

ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ മരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂവെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ടാഴ്ച മുന്‍പാണ് ഒന്നര വയസ്സ് പ്രായമുള്ള ഇളയ കുഞ്ഞിനും ഗില്‍ദറിനുമൊപ്പം കഴക്കൂട്ടത്ത് ഇവര്‍ താമസത്തിനെത്തിയത്. രണ്ടുമാസം മുന്‍പും ഇവര്‍ ഇതേ ലോഡ്ജില്‍ താമസിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.

ആലുവയില്‍ താമസിച്ചിരുന്ന ഇവര്‍ ഭര്‍ത്താവുമായി പിണങ്ങിയാണ് കുഞ്ഞുങ്ങളുമായി ഇവിടെ എത്തിയതെന്നാണ് വിവരം. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിശദമായി ചോദ്യം ചെയ്ത് കേസെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തേണ്ടതുണ്ടെങ്കില്‍ ചെയ്യുമെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു

Scroll to Top