ശബരിമല സ്വര്‍ണക്കവര്‍ച്ച; എസ്‌ഐടിയില്‍ സിപിഎം ബന്ധമുള്ള ഉദ്യോഗസ്ഥര്‍; വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം: വി.ഡി സതീശന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചാ വിവാദത്തില്‍ സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതിനായി അന്വേഷണസംഘത്തില്‍ അനുകൂല ഉദ്യോഗസ്ഥരെ നുഴഞ്ഞു കയറ്റിയിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. സ്വര്‍ണക്കവര്‍ച്ച അന്വേഷിക്കുന്ന പ്രത്യേക സംഘത്തില്‍ സിപിഎം ബന്ധമുള്ള രണ്ട് സിഐമാരെ നിയോഗിച്ചെന്നും ഇത് അട്ടിമറിക്കാനാണെന്നുമാണ് സതീശന്റെ വാദം.

മുതിര്‍ന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുടെ കൂടി പിന്തുണയോടെ ക്രൈംബ്രാഞ്ചിലെ ഉന്നതനും അറിഞ്ഞാണ് അന്വേഷണം അട്ടിമറിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എസ്‌ഐടിയെ നിര്‍വീര്യമാക്കാനുള്ള നീക്കത്തില്‍ ഹൈക്കോടതി ഉടന്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎമ്മുമായി ബന്ധമുള്ള രണ്ട് സിഐമാരെ കൂട്ടിച്ചേര്‍ത്തത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണ്. അന്വേഷണ വിവരങ്ങള്‍ ചോര്‍ത്താനും അന്വേഷണത്തെ വഴിതിരിച്ചു വിട്ട് യഥാര്‍ഥ കുറ്റവാളികളെ സംരക്ഷിക്കുകയുമാണ് ഈ സംഘത്തിന്റെ ലക്ഷ്യമെന്നും വി.ഡി.സതീശന്‍ ആരോപിച്ചു.

Scroll to Top