
ടെഹ്റാന്: ഇറാനില്‍ ജനകീയ പ്രക്ഷോഭം രൂക്ഷമാകുകയും ആയിരങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തതിനു പിന്നാലെ ഇറാനിലെ ഇന്ത്യക്കാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ പൗരന്മാര് അടിയന്തരമായി ഇറാന് വിടാന്‍ എംബസി നിര്‍ദേശം നല്കി. വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, ബിസിനസ്സുകാര്‍, വിനോദ സഞ്ചാരികള്‍ അടക്കമുള്ളവര്‍ ലഭ്യമായ യാത്രാമാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇറാന് വിടാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ആഴ്ചയും ഇന്ത്യന്‍ എംബസി ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ മുന്നറിയിപ്പുകളുടെ തുടര്‍ച്ചയായാണ് എംബസിയുടെ പുതിയ നിര്‍ദേശം.
എല്ലാ ഇന്ത്യന്‍ പൗരന്മാരും ഇന്ത്യന്‍ വംശജരും അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനിലെ ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധം പുലര്‍ത്തുകയും പ്രാദേശിക മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പുകള് ശ്രദ്ധിക്കുകയും വേണമെന്നും നിര്േേദശത്തിലുണ്ട്. പാസ്പോര്‍ട്ട്, ഐഡി കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള യാത്രാ-ഇമിഗ്രേഷന്‍ രേഖകള്‍ എപ്പോഴും കൈവശം സൂക്ഷിക്കാനും എന്ത് സഹായത്തിനും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാനും നിര്‍ദേശം നല്കി. ഇതുവരെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത എല്ലാ ഇന്ത്യന്‍ പൗരന്മാരും https://www.indianembassytehran.gov.in/registration എന്ന ലിങ്ക് വഴി രജിസ്ട്രേഷന് പൂര്‍ത്തിയാക്കണം.
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ സുരക്ഷാസൈനികരടക്കം 2,000 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്ക്. ഇറാന് സുരക്ഷാ ഏജന്‍സിയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സും യുഎസ് ആസ്ഥാനമായ ഇറാന് ഹ്യുമന്‍ റൈറ്റ്സ് ന്യൂസ് ഏജന്‍സിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.



