
സന്നിധാനം: അയ്യപ്പ ശരണം വിളികളാല്‍ മുഖരിതമായ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി അയ്യപ്പ സന്നിധിയുടെ ആകാശത്ത് മകരജ്യോതി തെളിയിച്ചു. ഭക്തസഹസ്രങ്ങളുടെ മനമുരുകിയുള്ള പ്രാര്‍ത്ഥനയ്ക്കിടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി ദൃശ്യമായി. തിരുവാഭരണങ്ങള്‍ ചാര്‍ത്തിയുള്ള ദീപാരാധനയ്ക്കു പിന്നാലെയായിരുന്നു മകരജ്യോതി ദര്‍ശനം. സര്‍വാഭരണ വിഭൂഷിതനായ പന്തളനാഥനെ ദര്‍ശിച്ച് ഭക്തര്‍ മലയിറങ്ങിത്തുടങ്ങി.
മകരസംക്രമ സന്ധ്യയില്‍ അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തു നിന്നു തിങ്കളാഴ്ച പുറപ്പെട്ട ഘോഷയാത്ര വൈകിട്ട് 6.24നാണ് സന്നിധാനത്തെത്തിയത്. തിരുവാഭരണ പേടകത്തെ കൊടിമരച്ചുവട്ടില്‍ ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍, തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി, ദേവസ്വം അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് തിരുവാഭരണ ഘോഷയാത്രയെ സ്വീകരിച്ചു.
തിരുവാഭരണം ചാര്‍ത്തി 6.40ന് ദീപാരാധന നടന്നു. പിന്നാലെ മകരജ്യോതി തെളിയിച്ചു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഭക്തര്‍ ശരണമന്ത്രങ്ങള്‍ മുഴക്കി. മകര സംക്രമ പൂജ, തിരുവാഭരണം ചാര്‍ത്തി ദീപാരാധന, മകരജ്യോതി ദര്‍ശനം, മാളികപ്പുറത്തു നിന്നുള്ള അയ്യപ്പ സ്വാമിയുടെ എഴുന്നള്ളത്ത്, മണിമണ്ഡപത്തിലെ കളമെഴുത്ത് എന്നിവയായിരുന്നു ഇന്നത്തെ പ്രധാന ചടങ്ങുകള്‍. മകരസംക്രമപൂജ വൈകിട്ട് 3.08ന് നടന്നു. ഉത്തരായനത്തിനു തുടക്കം കുറിക്കുന്ന സംക്രമ മുഹൂര്‍ത്തത്തില്‍ അയ്യപ്പ സ്വാമിക്കു സംക്രമപൂജയും അഭിഷേകവും നടന്നു.
2 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ സന്നിധാനത്ത് എത്തിയതായാണ് പൊലീസിന്റെ വിലയിരുത്തല്‍. തടസ്സമില്ലാതെ പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം തീര്‍ഥാടകര്‍ തമ്പടിച്ചിരുന്നു. തിക്കും തിരക്കുംമൂലമുള്ള അപകടം ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. തീര്‍ഥാടകരുടെ മടക്കയാത്രയ്ക്കായി കെഎസ്ആര്‍ടിസി 1000 ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.



