സര്‍ക്കാരിന്റെ പ്രത്യേക ‘കരുതല്‍’; കെ.എം.മാണി ഇന്‍സ്റ്റിറ്റ്യൂട്ടിനും കോടിയേരി സ്മാരക പഠന കേന്ദ്രത്തിനും ഭൂമി അനുവദിച്ചു; 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കും.

തിരുവനന്തപുരം: കെ.എം.മാണി ഇന്‍സ്റ്റിറ്റ്യൂട്ടിനും കോടിയേരി സ്മാരക പഠന കേന്ദ്രത്തിനും ഭൂമി അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ തീരുമാനം. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് പോകുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് തീരുമാനം.

കെ.എം. മാണി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സ്ഥാപിക്കുന്നതിനായി തിരുവനന്തപുരം കവടിയാറില്‍ 25 സെന്റ് ഭൂമിയാണ് അനുവദിച്ചത്. കെ.എം. മാണി ഫൗണ്ടേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. തലശ്ശേരി വാടിക്കകത്ത് 1.139 ഏക്കര്‍ ഭൂമിയില്‍ കോടിയേരി ബാലകൃഷ്ണന്‍ സ്മാരക പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി പാട്ടത്തിന് നല്‍കും. 30 വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കുക.

മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയുടെ പുതുക്കിയ മാര്‍ഗരേഖയ്ക്കും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അപേക്ഷകര്‍ കേരളത്തിലെ സ്ഥിരതാമസക്കാരും അപേക്ഷിക്കുന്ന തീയതിയില്‍ 18 വയസ് പൂര്‍ത്തിയായവരും 30 വയസ് കവിയാത്തവരും ആയിരിക്കണം.

യുവാക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചും പഠനോത്സാഹം നിലനിര്‍ത്തിയും നൈപുണ്യ വികസനത്തിലൂടെ തൊഴില്‍ സാധ്യതകള്‍ മെച്ചപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് വകുപ്പു മുഖേന ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയിലേക്ക് eemployment.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ മുഖേന നേരിട്ട് അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്‌കോളര്‍ഷിപ്പ് തുക വിതരണം ചെയ്യും. പ്രതിമാസം ആയിരം രൂപ വീതം 12 മാസത്തേക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക.

Scroll to Top