‘രാഹുലിന്റേത് സഭയുടെ അന്തസ്സിന് നിരക്കാത്ത പ്രവര്‍ത്തനം’; നടപടി ആവശ്യപ്പെട്ട് സിപിഐഎം സ്പീക്കര്‍ക്ക് പരാതി നല്‍കി.

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ പെട്ട് അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐഎം നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. സിപിഐഎമ്മിന്റെ വാമനപുരം എംഎല്‍എ ആയ ഡി.കെ മുരളിയാണ് രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് സഭയുടെ അന്തസ്സിന് നിരക്കാത്ത പ്രവര്‍ത്തിയാണെന്നും ചട്ടവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്. നോട്ടിസ് നല്‍കിയെന്നും തുടര്‍ നടപടികള്‍ സഭയാണ് തീരുമാനിക്കേണ്ടതെന്നും ഡി.കെ.മുരളി എംഎല്‍എ പറഞ്ഞു.

അധാര്‍മിക പെരുമാറ്റരീതി, നിയമസഭാംഗത്വമെന്ന പദവി ഉപയോഗിച്ചുള്ള അഴിമതി, ധനസമ്പാദനം തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അംഗത്തെ പുറത്താക്കാന്‍ സഭയ്ക്ക് അധികാരമുണ്ടെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. നടപടി സംബന്ധിച്ച് നിയമസഭാ പ്രിവ്ലിജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്യേണ്ടത്. പുറത്ത് നിന്ന് നിരവധി പരാതി രാഹുലിന്റെ പേരില്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അത് വെച്ച് നടപടി സ്വീകരിക്കാനാവില്ലെന്ന് സ്പീക്കര്‍ പറയുന്നു.

തുടര്‍ച്ചയായി കേസുകളില്‍ പ്രതിയാക്കപ്പെട്ടതിന്റെ പേരില്‍ രാഹുലിനെതിരെ നിയമസഭാംഗത്തെ അറസ്റ്റ് ചെയ്താല്‍ അക്കാര്യം സ്പീക്കറെ പൊലീസ് അറിയിക്കണമെന്നാണ് ചട്ടം. ഈ റിപ്പോര്‍ട്ടിന്‍മേല്‍ അച്ചടക്കനടപടി ആവശ്യമാണോ എന്നു പരിശോധിക്കാന്‍ എത്തിക്‌സ് കമ്മിറ്റിയെ ചുമതലപ്പെടുത്താം. ഏതെങ്കിലും എംഎല്‍എ സമര്‍പ്പിക്കുന്ന പരാതിയിലും തുടര്‍ നടപടിയാകാം.

സിപിഎം പ്രതിനിധി മുരളി പെരുനെല്ലി അധ്യക്ഷനായ കമ്മിറ്റിയില്‍ എം.വി.ഗോവിന്ദന്‍, ടി.പി.രാമകൃഷ്ണന്‍, കെ.കെ.ശൈലജ, എച്ച്.സലാം എന്നിവരാണു സിപിഐഎം അംഗങ്ങള്‍. സിപിഐയില്‍നിന്ന് പി.ബാലചന്ദ്രനും ജെഡിഎസ് അംഗമായി മാത്യു ടി.തോമസും. യുഡിഎഫിനെ പ്രതിനിധീകരിച്ച് റോജി എം.ജോണും (കോണ്‍ഗ്രസ്) യു.എ.ലത്തീഫും (മുസ്ലിം ലീഗ്) ആണ് അംഗങ്ങള്‍. കമ്മിറ്റി രാഹുലിനെ നീക്കണമെന്ന നിലപാട് സ്വീകരിക്കുകയും തീരുമാനം നിയമസഭ അംഗീകരിക്കുകയും ചെയ്താല്‍ സംസ്ഥാന നിയമസഭയില്‍നിന്ന് പുറത്താക്കപ്പെടുന്ന ആദ്യ എംഎല്‍എയാകും രാഹുല്‍ മാങ്കൂട്ടത്തില്‍.

Scroll to Top