ശബരിമല സ്വര്‍ണക്കൊള്ള; ദ്വാരപാലക പാളികളിലെ സ്വര്‍ണം കവര്‍ന്ന കേസിലും തന്ത്രി അറസ്റ്റില്‍; ശങ്കരദാസ് ആശുപത്രിയില്‍ റിമാന്‍ഡില്‍

| തന്ത്രി കണ്ഠരര് രാജീവര്, കെ.പി ശങ്കരദാസ്‌ |

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസിലെ രണ്ടാമത്തെ കേസിലും ശബരിമല തന്ത്രി കണ്ഠരര് രാജീവര്‍ അറസ്റ്റില്‍. ദ്വാരപാലക പാളികളിലെ സ്വര്‍ണം കവര്‍ന്ന കേസിലാണ് തന്ത്രിയെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. നിലവില്‍ കട്ടിളപ്പാളി കേസില്‍ റിമാന്‍ഡിലാണ് തന്ത്രി. ഇതിനു പുറമേയാണ് ദ്വാരപാലക ശില്‍പപാളി കേസിലും തന്ത്രിയുടെ അറസ്റ്റ് ജയിലിലെത്തി എസ്‌ഐടി രേഖപ്പെടുത്തിയത്. ഇതോടെ തന്ത്രിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് എസ്‌ഐടി. ഇതിനായി തന്ത്രിയെ കസ്റ്റഡിയില്‍ വ്ിട്ടുകിട്ടുന്നതിന് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും. ദ്വാരപാലക ശില്‍പങ്ങള്‍ ഉള്‍പ്പെടെ കൊണ്ടുപോകാന്‍ തയാറാക്കിയ മഹസറില്‍ തന്ത്രി ഒപ്പിട്ടതു ഗൂഢാലോചയുടെ ഭാഗമാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.

അതേസമയം, ശ്രീകോവില്‍ വാതിലിലെ കട്ടിളപ്പാളി സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ കെ.പി. ശങ്കരദാസിനെ റിമാന്‍ഡ് ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശങ്കരദാസിനെ ആശുപത്രിയിലെത്തിയാണ് കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി റിമാന്‍ഡ് ചെയ്തത്. കേസ് അന്വേഷിക്കുന്ന എസ്പി ശശിധരനും വിജിലന്‍സ് പ്രോസിക്യൂട്ടറും ആശുപത്രിയില്‍ എത്തിയിരുന്നു. ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയില്‍നിന്നു മാറ്റുന്ന കാര്യത്തില്‍ നാളെ തീരുമാനമെടുക്കും. വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം കേട്ട ശേഷമായിരിക്കും നടപടി. ജയില്‍ ഡോക്ടര്‍മാര്‍ നാളെ ആശുപത്രിയിലെത്തി ശങ്കരദാസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തും. ഇതിനു ശേഷമാകും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്കു മാറ്റുന്നതു സംബന്ധിച്ചു തീരുമാനമെടുക്കുക. ഐസിയുവില്‍ ആയിരുന്ന ശങ്കരദാസിനെ ഇന്നലെ മുറിയിലേക്കു മാറ്റിയിരുന്നു. സ്വര്‍ണ മോഷണക്കേസില്‍ എട്ടാം പ്രതിയാണ് കെ.പി. ശങ്കരദാസ്.

പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ശങ്കരദാസിന്റെ അറസ്റ്റ് ആശുപത്രിയിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കേസിലെ പന്ത്രണ്ടാമത്തെ അറസ്റ്റാണ് ശങ്കരദാസിന്റേത്. രാഷ്ട്രീയ ബന്ധമുള്ള മൂന്നാമത്തെ അറസ്റ്റും. നേരത്തേ അറസ്റ്റിലായ പത്മകുമാറും വിജയകുമാറും സിപിഎം പ്രതിനിധികളായിരുന്നു. ശങ്കരദാസ് സിപിഐ പ്രതിനിധിയാണ്. സ്വര്‍ണക്കൊള്ളയ്ക്ക് വഴിവയ്ക്കുന്ന തരത്തിലുള്ള തീരുമാനങ്ങളില്‍ ശങ്കരദാസ് അടക്കം ബോര്‍ഡിലെ 3 അംഗങ്ങള്‍ക്കും കുറ്റകരമായ ഉത്തരവാദിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ എസ്ഐടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.

Scroll to Top