
കാസര്‍ഗോഡ്: ദേശീയപാത 66-ല്‍ കുമ്പള ആരിക്കാടിയിലെ ടോള്‍പ്ലാസ അടിച്ചു തകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയിലായി. കൊടിയമ്മ ഉജാറിലെ ഫൈസല്‍ അബ്ദുല്‍ റഹ്‌മാന്‍, മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിന് സമീപത്തെ ടി. അബ്ദുല്‍ നാസര്‍ എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിനിടെ ടോള്‍പ്ലാസ അടിച്ചു തകര്‍ത്ത സംഭവത്തിലാണ് അറസ്റ്റ്. പ്രതിഷേധം നടത്തിയതിന് അഞ്ഞൂറോളം പേര്‍ക്കെതിരെ കേസെടുത്തിരുന്നു.
അക്രമ സംഭവങ്ങളില്‍ പത്തുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി ദേശീയപാതാ അധികൃതര്‍ പറയുന്നു. സിസിടിവി കാമറയും ഗേറ്റുകളും സ്‌കാനറുകളും ഉള്‍പടെയാണ് തകര്‍ക്കപ്പെട്ടത്. ടോള്‍ പ്ലാസ തകര്‍ത്തതിന് ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ബാക്കി പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമികളെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അക്രമമുണ്ടായതിന് പിന്നാലെ ടോള്‍ പ്ലാസയ്ക്ക് സമീപത്തെ പ്രതിഷേധം അവസാനിപ്പിച്ചിരുന്നു.
മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്‌റഫ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി. കുമ്പളയിലെ സമരം കലക്ടറേറ്റിലേക്കും ദേശീയപാതാ അതോറിറ്റി ഓഫിസിലേക്കും വ്യാപിപ്പിക്കാനാണ് ആക്ഷന്‍ കമ്മിറ്റിയുെട തീരുമാനം. നിയമസഭയിലുള്‍പ്പെടെ വിഷയം അവതരിപ്പിക്കുമെന്നും കോടതിയില്‍ പ്രതീക്ഷ ഉണ്ടെന്നുമാണ് എ.കെ.എം. അഷ്‌റഫ് എംഎല്‍എ പറഞ്ഞത്.



