സിഎംഡിആര്‍എഫിലേക്ക് പൈസ കൊടുക്കരുതെന്ന് പറഞ്ഞിട്ടില്ല; ഞങ്ങള്‍ മാതൃക കാട്ടിയവര്‍; പച്ചക്കള്ളം പ്രചരിപ്പിക്കുന്നു: വി.ഡി സതീശന്‍

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൈസകൊടുക്കരുതെന്നത് പണം നല്‍കരുതെന്ന് യുഡിഎഫ് പറഞ്ഞതായുള്ള പ്രചാരണം പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. താനടക്കമുള്ള മുഴുവന്‍ എംഎല്‍എമാരും സിഎംഡിആര്‍എഫിലേക്ക് പണം നല്‍കിയിട്ടുണ്ട്. 19 ലക്ഷത്തോളം രൂപ ഞങ്ങള്‍തന്നെ കൊടുത്തിട്ടുണ്ട്. യുഡിഎഫ് സിഎംഡിആര്‍എഫിലേക്ക് പൈസകൊടുക്കരുതെന്ന് പറഞ്ഞതായി ഇപ്പോള്‍ കള്ളത്തരം പ്രചരിപ്പിക്കുകയാണ്. യുഡിഎഫ് എംഎല്‍എമാരും എംപിമാരും പൈസ കൊടുത്തതായും സതീശന്‍ പറഞ്ഞു.

”ഞങ്ങള്‍ ആരോടെങ്കിലും പറഞ്ഞോ, സിഎംഡിആര്‍എഫില്‍ പൈസകൊടുക്കരുതെന്ന്. ഞങ്ങള്‍ കൊടുത്തു. മാതൃക കാണിച്ചു. ഇവര്‍ ഒരു കൊല്ലം കഴിഞ്ഞിട്ടാണ് സ്ഥലം കണ്ടുപിടിച്ചത്. എന്നിട്ട് ഞങ്ങള്‍ക്ക് വീടുവെക്കാന്‍ ആ സ്ഥലം തരില്ലെന്ന് പറഞ്ഞു. ഞങ്ങള്‍ എന്നിട്ടാണ് സ്ഥലത്തിനായി പോയത്. നാലുമാസം കൊണ്ട് ഞങ്ങള്‍ സ്ഥലം കണ്ടുപിടിച്ചു രജിസ്റ്റര്‍ ചെയ്തു. യൂത്ത് കോണ്‍ഗ്രസിന്റെ പൈസ കെപിസിസിയിലേക്ക് തരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹായിക്കാനായി കൊടുത്ത 742 കോടി രൂപ ബാങ്കിലിട്ട് സര്‍ക്കാര്‍ ഒരു സഹായവും ചെയ്യുന്നില്ല. ധനസഹായങ്ങള്‍ നിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.

താന്‍ മുന്‍പ് പറഞ്ഞതിലെന്താണ് തെറ്റെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ”നൂറുവീടിനുള്ള പൈസ കര്‍ണാടക സര്‍ക്കാര്‍ കൊടുത്തില്ലേ. 20 കോടി കൈമാറിയില്ലേ. ലീഗ് സ്ഥലം മേടിച്ച് നൂറുവീടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ലേ. ഞങ്ങള്‍ സ്ഥലം മേടിച്ചില്ലേ. അതിനെന്തൊരു അധിക്ഷേപമായിരുന്നു. ഞാന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്. സിപിഎം പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്”, പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Scroll to Top