
ടെഹ്റാന്: ഇറാനില്‍ നടക്കുന്ന വിലക്കയറ്റ വിരുദ്ധ പ്രക്ഷോഭം തണുക്കുന്നതായി സൂചന. ഭരണകൂടത്തിന്റെ അടിമച്ചമര്ത്തലും കൂട്ടക്കൊലപാതകങ്ങളും ഇന്റര്‍നെറ്റ് വിച്ഛേദിച്ചതും പ്രക്ഷോഭത്തിന്റെ മുനയൊടിച്ചതായി നിരീക്ഷകര്‍ വിലയിരുത്തുന്നു. പ്രക്ഷോഭത്തെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളോ ദൃശ്യങ്ങളോ പുറത്തുവന്നിട്ടില്ല. ഡിസംബര്‍ അവസാനം ആരംഭിച്ച പ്രക്ഷോഭത്തില്‍ ഇതുവരെ എത്രയാളുകള്‍ കൊല്ലപ്പെട്ടു എന്ന കാര്യത്തില്‍ ഇപ്പോഴും കൃത്യമായ കണക്ക് ലഭ്യമല്ല. സര്‍ക്കാര്‍ നടപടികളില്‍ 3,000 ആളുകളെങ്കിലും കൊല്ലപ്പെട്ടതായാണ് കണക്ക്.
നോര്‍വേ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ ഇറാന് ഹ്യൂമന്‍ റൈറ്റ്സിന്റെ കണക്കുകള്‍ പ്രകാരം ഇറാനിയന്‍ സുരക്ഷാ സേന 3248 പേരെ കൊലപ്പെടുത്തിയതായാണ് കണക്ക്. യഥാര്‍ത്ഥ സംഖ്യ ഇതിലും അധികമായിരിക്കുമെന്നും സംഘടന വ്യക്തമാക്കുന്നു. മറ്റ് കണക്കുകള്‍ പ്രകാരം മരണസംഖ്യ 5,000-ല്‍ കൂടുതലാണ്, ഒരുപക്ഷേ 20,000 വരെ മരണസംഖ്യ എത്തിയിട്ടുണ്ടാകാമെന്നാണ് ഈ കണക്ക്. ഇറാന് പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയതിലെ മരണസംഖ്യ കുറഞ്ഞത് 3,090 ആയി ഉയര്‍ന്നതായി അസോസിയേറ്റഡ് പ്രസ് വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.
യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ ശക്തമായ ഇടപെടലും മുന്നറിയിപ്പുകളും കാരണം പ്രക്ഷോഭകരെ തൂക്കിക്കൊല്ലുന്നതില്‍നിന്ന് ഇറാന് പിന്തിരിഞ്ഞിരുന്നു. പ്രക്ഷോഭം തീവ്രത കുറയുന്നതിനിടെ ഇറാനിലെ പ്രവാസിയായ രാജകുമാരന് റെസ പഹ്ലവി ഇറാനിയന്‍ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ‘നമ്മുടെ ദേശീയ മുദ്രാവാക്യങ്ങളോടെ രോഷത്തോടെ ശബ്ദമുയര്‍ത്തുക’ എന്ന ആഹ്വാനത്തോടെ ഒരു പുതിയ ഏവീഡിയോ അദ്ദേഹം പുറത്തുവിട്ടു.
അതേസമയം, ഇറാനിയന്‍ സ്റ്റേറ്റ് റേഡിയോ സംപ്രേഷണം ചെയ്ത ആയത്തുള്ള അഹമ്മദ് ഖതാമിയുടെ പ്രസംഗത്തിനിടെ, പ്രാര്‍ത്ഥനയ്ക്ക് ഒത്തുകൂടിയവരില്‍നിന്ന് ആയുധധാരികളായ കാപട്യക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന മുദ്രാവാക്യം ഉയര്‍ന്നു. ഇറാനിലെ ഇന്റര്‍നെറ്റ് നിരോധനം ഇപ്പോള്‍ 180 മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്നതായി മോണിറ്റര്‍ നെറ്റ്ബ്ലോക്സ് പറയുന്നു. ചില നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. എസ്എംഎസ് ടെക്സ്റ്റ് മെസ്സേജിംഗ് ഇപ്പോഴും പ്രവര്‍ത്തനരഹിതമാണെന്നും ഇറാനിലുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് വിദേശത്തുള്ള ഒന്നും ലഭ്യമായിരുന്നില്ലെന്നും എന്നാല്‍ സര്‍ക്കാര്‍ അംഗീകരിച്ച വെബ്സൈറ്റുകളിലേക്ക് പ്രാദേശിക കണക്ഷനുകള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.



