ബസില്‍ ലൈംഗികാതിക്രമമെന്ന പേരില്‍ യുവതിയുടെ വീഡിയോ; അപമാനഭാരത്താല്‍ യുവാവ് ജീവനൊടുക്കി; യുവതിക്കെതിരെ രാഹുല്‍ ഈശ്വര്‍ പരാതി നല്‍കി

കോഴിക്കോട്: ഓടുന്ന ബസ്സില്‍ ലൈംഗികാതിക്രമത്തിനു ശ്രമിച്ചെന്ന് ആരോപിച്ച് യുവതി സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിപ്പിച്ചതിനു പിന്നാലെ അപമാനഭാരം താങ്ങാനാകാതെ യുവാവ് ജീവനൊടുക്കി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി കൊളങ്ങരക്കണ്ടി ഉള്ളാട്ട്‌തൊടിയില്‍ യു.ദീപക്(42) ആണ് മരിച്ചത്. ഗോവിന്ദപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ഞായറാഴ്ച രാവിലെയാണ് ദീപകിന്റെ മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ ശരീരത്തില്‍ മനഃപൂര്‍വം ശ്രമിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചത്. രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് അമ്മയും അച്ഛനും ചില നാട്ടുകാരുടെ സഹായത്തോടെ വാതില്‍ തുറന്നു നോക്കിയപ്പോഴാണ് ദീപക്കിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

20 ലക്ഷത്തിലധികം ആളുകള്‍ കാണുകയും നിരവധി തവണ വീഡിയോ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തതോടെ യുവാവ് അപമാനിതനായിരുന്നു. വീഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. നാട്ടിലും വീട്ടിലും ഇത്തരം ആരോപണം കേള്‍പിക്കാത്ത വ്യക്തിയായിരുന്നു ദീപക് എന്നും ബന്ധുക്കള്‍ പറഞ്ഞു. ദൃശ്യം പ്രചരിച്ച സംഭവത്തെക്കുറിച്ച് വടകര പൊലീസ് ദീപക്കിനോട് സംസാരിച്ചിരുന്നതായും സൂചനയുണ്ട്. അതേസമയം യുവതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.

കോഴിക്കോട്ടെ ഒരു വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരനായ ദീപക് കഴിഞ്ഞ വെള്ളിയാഴ്ച സ്ഥാപനവുമായി ബന്ധപ്പെട്ട ആവശ്യത്തിനു കണ്ണൂരില്‍ പോയ സമയത്താണ് ബസ്സില്‍ യാത്ര ചെയ്യുന്നതിനിടെ യുവതി വീഡിയോ ചിത്രീകരിച്ചത്. ബസ്സില്‍ വച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്ന് കാട്ടി വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചവരെ 23 ലക്ഷം ആളുകള്‍ വീഡിയോ കണ്ടതായാണ് കണക്ക്. വീഡിയോ പ്രചരിക്കുന്നതായി മറ്റുള്ളവര്‍ പറഞ്ഞറിഞ്ഞ ദീപക് ഏറെ വിഷമത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ചില സുഹൃത്തുക്കളുമായി ശനിയാഴ്ച വൈകിട്ട് ഫോണിലും മറ്റും ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു.

അതേസമയം, ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് യുവതി. ഇയാള്‍ മറ്റൊരു യുവതിയോടും മോശമായി പെരുമാറുന്നത് കണ്ടെന്നും തന്റെ സമീപമെത്തിയപ്പോള്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നെന്നുമാണ് യുവതി പറയുന്നത്. യുവാവ് ജീവനൊടുക്കിയത് ദുഃഖകരമായിപ്പോയെന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും യുവതി പ്രതികരിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. കേസന്വേഷണത്തിന്റെ ഭാഗമായി ബസ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

Scroll to Top