
തിരുവനന്തപുരം: തന്നെ നേമം മണ്ഡലത്തില്‍ മത്സരിക്കാന്‍ വെല്ലുവിളിച്ച വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. നേമത്ത് ശിവന്‍കുട്ടിക്കെതിരെ മത്സരിക്കാന്‍ താന്‍ ആളല്ലെന്നും എല്‍ഡിഎഫിന്റെ ചങ്ക് തുളച്ചു പോകുന്ന പൊളിറ്റിക്കല്‍ നരേറ്റീവുകള്‍ ഇപ്പോഴുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതില്‍നിന്ന് വഴിമാറ്റികൊണ്ടുപോകാനുള്ള ശ്രമമാണിതെന്നും സതീശന് വ്യക്തമാക്കി.
എകെജി സെന്ററില്‍ നിന്നും മന്ത്രിയുടെ ഓഫിസില്‍നിന്നും ദിവസവും പത്തു കാര്‍ഡുകള്‍ വീതമാണ് എനിക്കെതിരെ ഇറക്കുന്നത്. എന്തെല്ലാം ദുഷ്പ്രചാരണമാണ് ദിവസവും നടത്തുന്നത്. ശിവന്‍കുട്ടി സംസ്കാരവും നിലവാരവും ഉള്ളയാളാണ്. അദ്ദേഹത്തോട് മറുപടി പറയാനില്ല. അദ്ദേഹത്തിന്റെയത്ര സംസ്കാരവും നിലവാരവും തനിക്കില്ലെന്നും സതീശന് പരിഹസിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചരണത്തില്‍ 140 മണ്ഡലങ്ങളിലും ശശി തരൂരിന്റെ മുഖമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വിശ്വപൗരനായ അദ്ദേഹം കോണ്‍ഗ്രസിന്റെ അഭിമാനമാണ്. തരൂരിനെ ഇഷ്ടപ്പെടുന്ന വലിയൊരു സമൂഹമുണ്ട്. യുഡിഎഫിനു പിന്തുണയുമായി അവരുടെ ഇടയിലേക്ക് അദ്ദേഹം വരുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
ഖജനാവില്‍ പൂച്ച പെറ്റുകിടക്കുന്നുവെന്ന് ബജറ്റ് പ്രതികരണത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞതിനെ മന്ത്രി വി.ശിവന്‍കുട്ടി വിമര്‍ശിച്ചിരുന്നു. ബജറ്റ് പ്രസംഗം നടക്കുമ്പോള്‍ പ്രതിപക്ഷനേതാവ് അസ്വസ്ഥനാവുകയായിരുന്നു. ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഒരൊറ്റ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പോലും മുടങ്ങിയിട്ടില്ല. പ്രതിപക്ഷനേതാവിന്റെ കാറിന് എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടോ? അലവന്‍സ് മുടങ്ങിയോ എന്നും മന്ത്രി ചോദിച്ചിരുന്നു.



