
ലണ്ടന്‍: റിലീസിനും മുന്നേ തരംഗം സൃഷ്ടിച്ച് ചരിത്രം കുറിച്ച് മോഹന്‍ലാല്‍ ചിത്രം ദൃശ്യം-3. യു.കെയില്‍ ഒരു മാസം മുന്‍പ് തന്നെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് ആര്‍എഫ്ടി ഫിലിംസ്. യു.കെയിലെ പ്രമുഖ ചലച്ചിത്ര വിതരണ കമ്പനിയായ ആര്‍എഫ്ടി ഫിലിംസിനാണ് യു.കെയില്‍ ദൃശ്യം-3യുടെ റിലീസ് അനുമതിയുള്ളത്. യുകെയിലെ പ്രശസ്തമായ തിയേറ്റര്‍ ശൃംഖലകളായ സിനിവേള്‍ഡ്, ഒഡിയോണ്‍, വ്യൂ സിനിമാസ് എന്നിവിടങ്ങളിലെല്ലാം റിലീസിന് നാലാഴ്ച മുന്‍പ് തന്നെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. യു.കെയില്‍ ഒരു മലയാള ചിത്രത്തിന്റെ റിലീസിന് ഇത്രയും ദിവസങ്ങള്‍ക്ക് മുമ്പ് ബുക്കിംഗ് ഓപ്പണ്‍ ചെയ്യുന്നത് ഇതാദ്യമായാണ്.
2026 മെയ് 21-നാണ് ദൃശ്യം-3 തിയ്യറ്ററുകളില്‍ എത്തുന്നത്. യുകെയിലെ മോളിവുഡ് മാര്‍ക്കറ്റ് ലീഡേഴ്സായ ആര്‍എഫ്ടി ഫിലിംസ് സി.ഇ.ഒ റൊണാള്‍ഡ് തൊണ്ടിക്കലാണ് ഈ വമ്പന്‍ റിലീസിന് നേതൃത്വം നല്‍കുന്നത്. നിരവധി മലയാളം ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ യുകെയിലെയും മറ്റ് അന്താരാഷ്ട്ര വിപണികളിലെയും പ്രേക്ഷകരിലേക്ക് എത്തിച്ച ആര്‍എഫ്ടി ഫിലിംസിന്റെ ട്രാക്ക് റെക്കോര്‍ഡിലെ മറ്റൊരു പൊന്‍തൂവലാകും ദൃശ്യം-3.
ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമാണ് ഇത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസ്സന്, എസ്തര് അനില്‍ എന്നിവരും തങ്ങളുടെ മുന്വേഷങ്ങള് ഈ മൂന്നാം ഭാഗത്തിലും വീണ്ടും അവതരിപ്പിക്കുന്നു.
ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും എത്തുമ്പോള്‍ അവരെ സ്വീകരിക്കാന്‍ യുകെയിലെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആവേശമാണുള്ളത്. രണ്ടാം ഭാഗത്തിലെ സംഭവവികാസങ്ങള്‍ക്ക് നാലര വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ജോര്‍ജുകുട്ടിയുടെ ജീവിതമാണ് മൂന്നാം ഭാഗം പ്രമേയമാക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ തിയേറ്ററുകളില്‍ ബുക്കിംഗ് ലഭ്യമാകുമെന്ന് വിതരണക്കാര്‍ അറിയിച്ചു.



