പ്ലസ്ടു കോഴക്കേസില്‍ മുസ്ലിംലീഗ് നേതാവ് കെ.എം ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം റദ്ദാക്കിയതിനെതിരെ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസില്‍ ഇതുവരെ വിജിലന്‍സ് രേഖപ്പെടുത്തിയ 54 പേരുടെ മൊഴികള്‍ പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി നടപടി.
കള്ളപ്പണനിരോധനവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരായുള്ള ഇഡിയുടെ ഹര്‍ജിയും കോടതി തള്ളി.
2014ല്‍ അഴീക്കോട് സ്കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020ല്‍ ആണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസ് ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
മൊഴി നല്‍കിയവരില്‍ ആരെങ്കിലും ഷാജി പണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, പണം നല്‍കിയെന്നും മൊഴി നല്‍കിയിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. അത്തരമൊരു മൊഴിയുണ്ടെങ്കില്‍ അത് കാണിക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകരോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പണം ആവശ്യപ്പെട്ടു, വാങ്ങി തുടങ്ങിയ മൊഴികളല്ല വേണ്ടെതെന്നും ജസ്റ്റീസുമാരായ അഭയ് എസ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി. എന്തുതരം കേസാണിതെന്ന ചോദ്യമുയര്‍ത്തിയാണ് കോടതി ഹര്‍ജികള്‍ തള്ളിയത്.
അതെസമയം അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്നും സംസ്ഥാനസര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടു. വിചാരണക്കോടതിയാണ് ഷാജി കുറ്റക്കാരനാണോ അല്ലെയോ എന്ന് കണ്ടെത്തേണ്ടതെന്നും അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വാദിച്ചു.
എന്നാല്‍ ഈ ആവശ്യം അംഗീകരിച്ചാല്‍ ഏതൊരു രാഷ്ട്രീയക്കാരനെതിരേയും ബാലിശമായി കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി നല്‍കുന്നതിന് തുല്യമാകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി