
അമിത മദ്യപാനിയും ലഹരിക്കും അടിമയായ ഗോവിന്ദച്ചാമി പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവനാണെന്നാണ് സൗമ്യ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്… അഥുകൊണ്ടുതന്നെ കേരളത്തെ നടുക്കിയ സൌമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദ ചാമി ജയില്‍ ചാടിയത് കേരളീയരെ ആകെ ഞെട്ടിച്ചിരുന്നു…ഇയാള്‍ പോലീസിന്റെ പിടിയിലായെങ്കിലും ഗോവിന്ദ ചാമിയും സൌമ്യ വധക്കേസും വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്…. ജയില്‍ ചാട്ടത്തിന് മുമ്പും ഇയാള്‍ ജയിലിനകത്ത് സ്ഥിരം പ്രശ്‌നക്കാരനായിരുന്നു. ദിവസവും ബിരിയാണി ആവശ്യപ്പെട്ടും, ജയില്‍ മാറ്റം ആവശ്യപ്പെട്ടും ആത്മഹത്യാ നാടകവും ഇയാള്‍ നേരത്തെ നടത്തിയിട്ടുണ്ട്…
സൗമ്യ വധക്കേസില്‍ സംഭവിച്ചത് ആദ്യം ചുരുക്കി പറയാം…..
2011 ഫിബ്രവരി 1: എറണാകുളം-ഷൊറണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ സൗമ്യയെ ഗോവിന്ദച്ചാമി ആക്രമിക്കുന്നു. ട്രെയിനില്‍നിന്ന് തള്ളിയിട്ടശേഷം ബലാത്സംഗം ചെയ്തു 2011 ഫിബ്രവരി 2: ഗോവിന്ദച്ചാമിയെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് അറസ്റ്റുചെയ്തു ഫിബ്രവരി 6: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ സൗമ്യ മരിച്ചു 2011 നവംബര്‍ 11: ഗോവിന്ദച്ചാമിക്ക് തൃശ്ശൂര്‍ അതിവേഗ കോടതി വധശിക്ഷ വിധിച്ചു 2011 ഡിസംബര്‍ 17: വധശിക്ഷയ്ക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ അപ്പീല്‍ കേരള ഹൈക്കോടതി തള്ളി. തൃശ്ശൂര്‍ അതിവേഗകോടതിയുടെ വിധി ശരിവെച്ചു 2014 ജൂലായ് 30: ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് ആണോ എന്നറിയാന്‍ വിശദമായ വാദം കേള്‍ക്കണമെന്നും കോടതി പറഞ്ഞു 2016 സപ്തംബര്‍ 8: ഗോവിന്ദച്ചാമി സൗമ്യയെ കൊന്നതിന് തെളിവുണ്ടോയെന്ന് സുപ്രീംകോടതി. പ്രോസിക്യൂഷന് കോടതിയുടെ വിമര്‍ശനം 2016 സപ്തംബര്‍ 15: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി
ആരായിരുന്നു സൗമ്യ….
ഷൊര്‍ണൂര്‍ മഞ്ഞക്കാട് മുല്ലയ്ക്കല്‍ വീട്ടില്‍ സൗമ്യ കൊച്ചിയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. ബികോം പഠനവും പിന്നീട് ചേര്‍ന്ന ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സും വീട്ടിലെ സാമ്പത്തിക പരാധീനത കാരണം മുടങ്ങി. ജോലിയില്‍ നിന്നു പണം സ്വരൂപിച്ച് പഠനം തുടരാന്‍ ലക്ഷ്യമിട്ടാണ് കൊച്ചയില്‍ ജോലിക്ക് കയറുന്നത്…ഇതിനിടയിലാണ് സൗമ്യക്ക് വിവാഹലോചന വരുന്നത്… പെണ്ണുകാണല്‍ ചടങ്ങിനായാണ് 2011 ഫെബ്രുവരി ഒന്നിനു കൊച്ചിയില്‍നിന്നു ഷൊര്‍ണൂര്‍ പാസഞ്ചറില്‍ സൗമ്യ വീട്ടിലേക്കുള്ള യാത്രയാകുന്നത്…. ട്രെയിന്‍ ഷൊര്‍ണൂരിലെത്തുമ്പോള്‍ നേരം വൈകുമെന്നും സഹോദരനോടു സ്റ്റേഷനില്‍ വരാന്‍ പറയണമെന്നും അമ്മയെ ഫോണില്‍ വിളിച്ചു പറഞ്ഞിരുന്നു സൗമ്യ. എന്നാല്‍ ട്രെയിന്‍ വള്ളത്തോള്‍ നഗര്‍ സ്റ്റേഷന്‍ വിട്ടപ്പോള്‍ കംപാര്‍ട്മെന്റില്‍ ഒറ്റയ്ക്കായ സൗമ്യയെ ട്രെയിനുകളില്‍ ഭിക്ഷാടനം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദച്ചാമി ആക്രമിക്കാന്‍ ശ്രമിച്ചു. സൗമ്യയുടെ ബാഗ് തട്ടിപ്പറിക്കാനായിരുന്നു ശ്രമം. രക്ഷപ്പെടാന്‍ കംപാര്‍ട്മെന്റില്‍ അങ്ങുമിങ്ങും ഓടിയ സൗമ്യയെ ഗോവിന്ദച്ചാമി പുറത്തേക്ക് തള്ളിയിട്ടു…
ട്രാക്കില്‍ തലയിടിച്ചു രക്തം വാര്‍ന്ന് വേദനകൊണ്ടു പുളയുകയായിരുന്നന്ന പെണ്‍കുട്ടിയെ തോളിലേറ്റി പാളങ്ങളുടെ സമീപത്ത് എത്തിച്ച് ഇയാള്‍ പീഡിപ്പിച്ചു…,ആക്രമണത്തില്‍ സൗമ്യയുടെ താടിയെല്ല് തകരുകയും, പല്ലുകള്‍ അടര്‍ന്നു പോകുകയും, ശരീരത്തില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തു. ശരീരത്തിലെ മിക്ക അവയവങ്ങള്‍ക്കും ക്ഷതമേറ്റിരുന്നു. കൃത്യത്തിനു ശേഷം യുവതിയുടെ മൊബൈല്‍ ഫോണും പഴ്സിലെ പൈസയും കവര്‍ന്ന് ഇയാള്‍ രക്ഷപ്പെട്ടു. ഒരു മണിക്കൂറിലേറെ സമയം എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ അവിടെക്കിടന്ന യുവതിയെ പിന്നീട് പരിസരവാസികളാണു കണ്ടെത്തി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൗമ്യ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരണത്തിന്റെയും ജീവിതത്തിന്റെയും നൂല്‍പ്പാലത്തില്‍ നാലു ദിനം. ഫെബ്രുവരി ആറിനു മരണം സ്ഥിരീകരിച്ചു. പൊലീസ് ഗോവിന്ദച്ചാമിയെ പിടികൂടുമ്പോള്‍ ചെറുത്തു നില്‍പ്പിനായി സൗമ്യ മാന്തിമുറിച്ചതിന്റ 27 പോറലുകള്‍ അയാളുടെ ശരീരത്തിലുമുണ്ടായിരുന്നു.
ആരാണ് ഗോവിന്ദ ചാമി..
പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവനാണ് ഗോവിന്ദച്ചാമിയെന്ന് സൗമ്യ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഗോവിന്ദച്ചാമി, ചാര്‍ളി, കൃഷ്ണന്‍, രാജ, രമേഷ് തുടങ്ങിയ പേരുകളിലെല്ലാമാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. സേലം, പഴനി, ഈറോഡ്, കടലൂര്‍, തിരുവള്ളൂര്‍, താമ്പരം എന്നിവിടങ്ങളിലെ കോടതികളില്‍നിന്നെല്ലാം ശിക്ഷ ലഭിച്ചിട്ടുണ്ട്. തീവണ്ടിയില്‍ യാത്രക്കാരിയെ ഉപദ്രവിച്ച് പണം കവര്‍ച്ച ചെയ്ത കേസില്‍ സേലം കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍പോയി. എറണാകുളം, ഷൊറണൂര്‍ ഭാഗങ്ങളില്‍ സൗമ്യ കൊലക്കേസിന് മുമ്പും പ്രതിയെ നിരവധി തവണ കണ്ടവരുണ്ട്. തമിഴ്‌നാട് കടലൂര്‍ ജില്ലയില്‍ വിരുതാചലം, സമത്വപുരം, ഐവതക്കുടി സ്വദേശിയാണ് പ്രതി ഗോവിന്ദച്ചാമി. കരസേനയില്‍നിന്ന് വിരമിച്ചയാളുടെ മകനാണ്. ഗോവിന്ദച്ചാമിയുടെ ഏകബന്ധുവായി പോലീസ് രേഖകളിലുള്ളത് സഹോദരന്‍ സുബ്രഹ്മണിയാണ്. ഇയാള്‍ സേലം ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. ഗോവിന്ദച്ചാമിയില്‍നിന്ന് ശേഖരിച്ച വിലാസപ്രകാരമാണ് പോലീസ് ആദ്യം തമിഴ്‌നാട്ടില്‍ പരിശോധനയ്ക്കു ചെന്നത്. എന്നാല്‍, വിലാസം വ്യാജമായിരുന്നു. പിന്നീട് ഗോവിന്ദച്ചാമിയുടെ രേഖാചിത്രം കാണിച്ച് സേലം പോലീസ് വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കേരള പോലീസിന് ലഭിച്ചത്. കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഗോവിന്ദച്ചാമി അമിത ലൈംഗികാസക്തിയുള്ള ആളാണെന്ന് ഫൊറന്‍സിക് പരിശോധയില്‍ കണ്ടെത്തിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും തൊട്ടടുത്ത ചേരികളിലും സ്ഥിരമായി സ്ത്രീകളെ തേടി അലയാറുണ്ടെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. അമിത മദ്യപാനിയായ ഇയാള്‍ ലഹരിക്കും അടിമയാണ്.
കേസ് കോടതിയിലെത്തിയപ്പോള്‍ സംഭവിച്ചത് എന്ത്
തൃശൂര്‍ അതിവേഗ കോടതിയില്‍ നടന്ന ഈ കേസിന്റെ വിചാരണയില്‍ പ്രതിയ്‌ക്കെതിരെ ആരോപിക്കപ്പെട്ടിരുന്ന 15 കുറ്റങ്ങളില്‍ കൊലപാതകം, ബലാത്സംഗം, മോഷണം തുടങ്ങിയവ സംശയാതീതമായി തെളിഞ്ഞിരിക്കുന്നതായി ജഡ്ജി രവീന്ദ്രബാബു പ്രസ്താവിച്ചു. പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകള്‍ക്ക് ഭീഷണിയാണെന്നായിരുന്നു കോടതി നിരീക്ഷണം. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണിതെന്ന് കോടതി കണ്ടെത്തി. കേരള സമൂഹത്തെ തന്നെ ഞെട്ടിച്ച ഇത്രത്തോളം ക്രൂരമായ കുറ്റകൃത്യത്തില്‍ പ്രതിയായ ഗോവിന്ദ ചാമിക്ക് 2011 നവംബര്‍ 11 ന് വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും തൃശൂര്‍ അതിവേഗ കോടതി വിധിച്ചു. കേരളാ ഹൈക്കോടതി തൃശ്ശൂര്‍ അതിവേഗ കോടതിയുടെ വിധിന്യായം ശരിവയ്ക്കുകയുമുണ്ടായി. കേസ് അന്വേഷിച്ച പൊലീസുകാരും ഇവിടെ കീഴ്‌കോടതിയിലും ഹൈക്കോടതിയിലും വാദിച്ച അഭിഭാഷകരുമൊക്കെ സൗമ്യയുടെ ആത്മാവിനോട് പൂര്‍ണമായും ആത്മാര്‍ത്ഥത കാട്ടാന്‍ ശ്രമിച്ചു. 2011 നവംബര്‍ 11 ന് പ്രതിക്ക് വധശിക്ഷയ്ക്ക് പുറമെ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൊലപാതകം, ബലാത്സംഗം, വനിതാ കമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ. പ്രതി മുമ്പും ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് കോടതി കണ്ടെത്തി.
തൃശ്ശൂര്‍ അതിവേഗ കോടതിയില്‍ പതിനൊന്നു ദിവസം കൊണ്ട് പൂര്‍ത്തിയാകുമെന്നു കരുതിയ വിചാരണ നടപടികള്‍ അഞ്ചുമാസം കൊണ്ടാണ് പൂര്‍ത്തിയായത്. ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ സാക്ഷിമൊഴികളുടേയും സാഹചര്യത്തെളിവുകളുടേയും അടിസ്ഥാനത്തിലാണ് വിചാരണ പൂര്‍ത്തിയാക്കിയത്. ആകെ 82 സാക്ഷികളെയാണ് പ്രതിഭാഗം വിസ്തരിച്ചത്. നാല്‍പ്പതിമൂന്നോളം തൊണ്ടിയും 101 രേഖകളും കേസിലേക്കായി കോടതിയില്‍ സമര്‍പ്പിച്ചു. 1000 ഏടുള്ള കുറ്റപത്രമാണ് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി സമര്‍പ്പിച്ചത്.
എന്നാല്‍ കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ ആകെ മാറി മറിഞ്ഞു. കീഴ്‌കോടതിയും ഹൈക്കോടതിയും വിധിച്ച തൂക്കുകയര്‍ സുപ്രീംകോടതിയിലെത്തിയപ്പോഴേക്കും പ്രതിക്ക് നിഷ്പ്രയാസം അഴിച്ചെടുക്കാനായി. അപ്പീലില്‍ സുപ്രീം കോടതിയില്‍ കൊലപാതകക്കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല, ഇതോടെ വധശിക്ഷ ഏഴുവര്‍ഷത്തെ കഠിനതടവായി കുറച്ചു. ഒപ്പം സുപ്രീംകോടതി ബലാത്സംഗക്കുറ്റം അംഗീകരിക്കുകയും ഗുരുതരമായി പരുക്കേറ്റുകിടന്ന ഇരയോടു കാണിച്ച ക്രൂരത കണക്കിലെടുത്ത് ജീവപര്യന്തം തടവുശിക്ഷയും അംഗീകരിച്ചു. രണ്ടു ശിക്ഷകളും ഒരുമിച്ചു അനുഭവിച്ചാല്‍ മതിയാകുമെന്നായിരുന്നു വിധി. സുപ്രീം കോടതി ആറംഗ ബെഞ്ച് ഏപ്രില്‍ 28, 2017ല്‍ കേരള ഗവണ്മെന്റ് നല്‍കിയ തിരുത്തല്‍ ഹര്‍ജിയും തള്ളിക്കളഞ്ഞു. സുപ്രീം കോടതി മുന്‍ ജഡ്ജിയും പ്രഗത്ഭ നിയമജ്ഞനുമായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പോലും വിധിയെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
ജയിലില്‍ സ്ഥിരം പ്രശ്‌നക്കാരനായ ഗോവിന്ദച്ചാമിയെ
2011 നവംബര്‍ 11നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചതു മുതല്‍ ഗോവിന്ദച്ചാമി ഉദ്യോഗസ്ഥര്‍ക്കു സ്ഥിരം തലവേദനയായിരുന്നു. ജയില്‍മാറ്റം ആവശ്യപ്പെട്ട് ആത്മഹത്യാ നാടകം നടത്തിയിരുന്നു ഇയാള്‍…പ്രാഥമിക കൃത്യങ്ങള്‍ക്കായി സെല്ലില്‍ നിന്നു പുറത്തിറക്കിയപ്പോള്‍ മേല്‍ക്കൂരയിലെ കഴുക്കോലില്‍ ഒറ്റക്കൈ കൊണ്ട് ഉടുമുണ്ടു കെട്ടാന്‍ ശ്രമിച്ചു. ഓടിയെത്തിയ വാര്‍ഡര്‍മാരും സഹതടവുകാരും ചേര്‍ന്നു പിന്‍തിരിപ്പിച്ച് സെല്ലിലടച്ചു. മറ്റുള്ളവരുടെ കണ്‍മുന്‍പില്‍ നടത്തിയ ആത്മഹത്യശ്രമം നാടകമാണെന്നു വ്യക്തമായതു തൊട്ടുപിന്നാലെ സൂപ്രണ്ടിനു കത്തു കൊടുത്തപ്പോഴാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തരീക്ഷം പിടിക്കുന്നില്ലെന്നും ബന്ധുക്കള്‍ക്കു വന്നു കാണാന്‍ സൗകര്യത്തിനു പൂജപ്പുരയിലേക്കു മാറ്റണമെന്നുമാണു കത്തിലെ ആവശ്യം. എല്ലാ ദിവസവും ബിരിയാണി വേണമെന്നു ആവശ്യപ്പെട്ടും ഇയാള്‍ ജയിലില്‍ പ്രശ്‌നം ഉണ്ടാക്കിയിട്ടുണ്ട്.. സെല്ലിനുള്ളിലെ സിസിടിവി ക്യാമറ തകരാറിലാക്കി. ജയില്‍ ജീവനക്കാര്‍ക്കെതിരെ വിസര്‍ജ്യമെറിഞ്ഞു. ജയിലിലെ അക്രമത്തിന്റെ കേസില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഗോവിന്ദച്ചാമിയെ പത്തുമാസം തടവിനു ശിക്ഷിച്ചിരുന്നു.
ജയില്‍ ചാടിത് എങ്ങനെ ‘
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. സെല്ലിന്റെ അഴികള്‍ മുറിച്ചുമാറ്റിയാണ് ഇയാള്‍ പുറത്തെത്തിയത്. തുടര്‍ന്ന് പുലര്‍ച്ചെ 1.15ഓടെ ഇയാള്‍ ജയില്‍ ചാടിയത്. കൈവശം ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് മതിലിന്റെ അടുത്തേക്കു പോയി. തുടര്‍ന്ന് മതിലിലെ ഫെന്‍സിങ്ങിനു മുകളിലേക്ക് എറിഞ്ഞു പിടിച്ച് കയറുകയായിരുന്നു. തുണി ചേര്‍ത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാള്‍ പുറത്തേക്ക് ചാടിയതെന്നാണ് വിവരം. പുറത്തുനിന്ന് ഇയാള്‍ക്ക് സഹായം ലഭിച്ചുവെന്നാണ് സൂചന. സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് സ്ഥിരീകരിച്ചത്. പിന്നാലെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.മണിക്കൂറുകള്‍ക്ക് ശേഷം പോലീസിന്റെ പിടിയിലായി.



