
കുപ്രസിദ്ധനായ കൊലയാളി ചാള്‍സ് ശോഭരാജ് 1997ല്‍ തീഹാര്‍ ജയിലില്‍ നിന്ന് പുറത്തുവന്ന ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ പ്രസ്താവന പ്രസിദ്ധമാണ്. ‘ഈ ജയില്‍ എനിക്ക് അമ്മവീട് പോലെയാണ്.!’ ഇന്ത്യന്‍ ജയിലുകളിലെ സുരക്ഷാ വീഴ്ചയും നടത്തിപ്പിലെ അതീവഗുരുതരമായ അലംഭാവവും വ്യക്തമാക്കുന്നതായിരുന്നു മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തെ തന്നെ ഏറ്റവും വലിയ കൊലയാളിയുടെ ആ പ്രസ്താവന തെളിയിക്കുന്നത്. എന്നാല്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഇന്ത്യയിലെ ജയിലുകളില്‍ മേല്‍പ്പറഞ്ഞ അവസ്ഥയ്ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഗോവിന്ദച്ചാമി എന്ന കൊടും ക്രിമിനലിന്റെ ജയില്‍ ചാട്ടം.
അതീവ ക്രൂരതയോടെ നിഷ്ഠൂര കൊലപാതകങ്ങളും മറ്റും ചെയ്ത് ജയിലിലെത്തുന്ന കൊടും കുറ്റവാളികളെ വിഭവസമൃദ്ധമായ ആഹാരം നല്‍കി തീറ്റിപ്പോറ്റുന്നതാണ് നമ്മുടെ രീതി. ഇതിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഇതിനോടകം എത്രയോ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും ജയില്‍ ചട്ടങ്ങള്‍ പരിഗണിക്കുമ്പോള്‍ ശ്രദ്ധയില്‍ വരാറേയില്ല. ഇത് നല്ല പ്രവണതയല്ല എന്ന് ജയില്‍ മേഖലയുമായി ബന്ധപ്പെട്ട ചില വിദഗ്ധര്‍ പറയുന്നുണ്ട്. എന്തിനാണ് ജയില്‍ പുള്ളികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് എന്ന കാര്യത്തില്‍ പുനര്‍വിചിന്തനം ഉണ്ടാകേണ്ടതുണ്ട്. സമയാസമയം കുറ്റകൃത്യങ്ങള്‍ കോഡിനേറ്റ് ചെയ്യാന്‍ മൊബൈല്‍ഫോണും ആവശ്യത്തിന് ലഹരി കിട്ടാന്‍ കഞ്ചാവ് പോലുള്ള സൗകര്യങ്ങളും മട്ടനും ചിക്കനും ഉള്‍പ്പെടെ സ്വാദിഷ്ട വിഭവങ്ങളും നല്‍കി ആദരിക്കാന്‍ ഇവര്‍ രാജ്യത്തിനുവേണ്ടി മെഡലുകള്‍ നേടി വരുന്നവരല്ല എന്നോര്‍ക്കണം.
എന്നാല്‍ ജയിലില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലാണ് സര്‍ക്കാര്‍ പലപ്പോഴും ശ്രദ്ധ കൊടുക്കുന്നത്. സംസ്ഥാനത്തെ ജയിലുകള്‍ ഒരു വ്യവസായമല്ല എന്ന തിരിച്ചറിവ് സര്‍ക്കാറിന് ഉണ്ടാകേണ്ടതുണ്ട് എന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. നല്ല കായിക ശേഷിയുള്ള കുറ്റവാളികളെയാണ് പലപ്പോഴും ജയില്‍ ജോലിക്കായി നിയോഗിക്കുന്നത്. ഇവരാകട്ടെ പലപ്പോഴും ക്രിമിനല്‍ പശ്ചാത്തലം കൂടിയവരുമായിരിക്കും. തങ്ങള്‍ അനുഭവിക്കുന്നത് ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് എന്ന ബോധ്യം ഇവര്‍ക്ക് ഉണ്ടാകാത്ത തരത്തില്‍, പുറത്തായിരുന്നെങ്കില്‍ ഏതുതരം ജോലി ചെയ്യുമായിരുന്നോ അതുതന്നെ ചെയ്ത് ഇവര്‍ ജയിലിനുള്ളില്‍ ജീവിതം ആസ്വദിക്കുന്ന അവസ്ഥയാണുള്ളത്. ഈ തടവുപുള്ളികളും ജീവനക്കാരും തമ്മില്‍ വ്യക്തി ബന്ധം ഉണ്ടാകാനും അത് ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടാവാനും ജയില്‍ ചട്ടങ്ങളെ മറികടക്കാനും കാരണമാകുന്നുണ്ട്.
അതേസമയം ഇന്ത്യാരാജ്യത്ത് തന്നെ ഏറ്റവും മികച്ച ജയില്‍ സംവിധാനങ്ങളില്‍ ഒന്നാണ് കേരളത്തിലുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും സുപ്രീംകോടതിയുടെയും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞവര്‍ഷം പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഏറ്റവും മികച്ച ജയില്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമുണ്ട്. കൂടാതെ സുപ്രീംകോടതി പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ജയിലുകള്‍ എന്ന റിപ്പോര്‍ട്ടിലും കേരളത്തിലെ ജയില്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പറയുന്നു. സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് തടവുപുള്ളികള്‍ക്കായി കേരളത്തില്‍ നടക്കുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളെ പറ്റിയും ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പക്ഷേ മേല്‍പ്പറഞ്ഞ കടലാസ് രേഖകളിലും മറ്റും പറയുന്നതുപോലെയാണോ കാര്യങ്ങളുടെ കിടപ്പ് എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം ബാക്കി!
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ സംസ്ഥാനത്തെ മാത്രം ജയിലുകളില്‍ നിന്ന് അനധികൃതമായി രക്ഷപ്പെട്ട കുറ്റവാളികളുടെ എണ്ണം നൂറിലേറെയാണ്. പരോള്‍ സമ്പാദിച്ച് കടന്നു കളഞ്ഞവരും ആശുപത്രിയിലോ കോടതിയിലോ കൊണ്ടുപോകുന്നതിനിടെ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട രും ഇതിലുള്‍പ്പെടുന്നു. ഇക്കാര്യത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് മാത്രമല്ല ഒട്ടുമിക്ക ജയിലുകള്‍ക്കും വെട്ടിച്ചു കളഞ്ഞ തടവുപുള്ളികളുടെ ലിസ്റ്റ് സ്വന്തമായുണ്ട്. മുപ്പതോളം പേരാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോള്‍ വാങ്ങി രക്ഷപ്പെട്ടത്. ഇപ്പോഴത്തെ വിവാദത്തിന് അടിസ്ഥാനമായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലുപേരും നെട്ടുകാല്‍ത്തേരിയിലെയും ചീമേനിയിലെയും തുറന്ന ജയിലുകളില്‍ നിന്ന് 35 പേരും പരോളില്‍ ഇറങ്ങിയിട്ട് തിരികെ എത്തിയിട്ടില്ല. ഗോവിന്ദച്ചാമിയെ ഇനി ഒരു കാലത്തും പുറത്തേക്ക് വിടില്ല എന്ന പ്രതീക്ഷയോടെ കൊണ്ടെത്തിച്ചിരിക്കുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാകട്ടെ മൂന്നു പേരാണ് പരോള്‍ നേടി മുങ്ങിയത്.
എന്നാല്‍ ജയിലുകളില്‍ പാര്‍പ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ തടവുപുള്ളികളുള്ളത് സുരക്ഷാ വീഴ്ചയ്ക്ക് പ്രധാന കാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്. കണക്കുകള്‍ പരിശോധിച്ചാല്‍ ഇതില്‍ വാസ്തവം ഉണ്ട് താനും. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജയിലില്‍ എന്നറിയപ്പെടുന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 1585 തടവുകാരാണ് നിലവിലുള്ളത്. എന്നാല്‍ പാര്‍പ്പിക്കാന്‍ കഴിയുന്നതാകട്ടെ 727 പേരേയും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 948 പേരെ മാത്രമേ അധിവസിപ്പിക്കാന്‍ കഴിയുള്ളൂ എങ്കിലും ഇപ്പോള്‍ തന്നെ 1124 പേര്‍ അവിടെയുണ്ട്. ഈ കണക്കുകള്‍ വച്ചുനോക്കുമ്പോള്‍ അതിസുരക്ഷാ ജയില്‍ എന്ന് പറയപ്പെടുന്ന വിയ്യൂരില്‍ ഒരേ സമയം 555 തടവുപുള്ളികള്‍ക്ക് സൗകര്യമുണ്ട്. എന്നാല്‍ നിലവില്‍ 1123 കൊടും കുറ്റവാളികള്‍ അവിടെയുണ്ട്. കൃത്യമായ ഡ്യൂട്ടിക്ക് ആളുകള്‍ തികയാത്തതാണ് മറ്റൊരു പ്രധാന പ്രശ്‌നമായി ജയില്‍ അധികൃതര്‍ നേരിടുന്നത്. ഒരു ജീവനക്കാരന്‍ പതിനഞ്ച് മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ട അവസ്ഥയുണ്ട്. അതുകൊണ്ടുതന്നെ ജീവനക്കാരുടെ ശ്രദ്ധ എല്ലായിടത്തും എത്തുന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ അപാകത. കണ്ണൂരില്‍ ഗോവിന്ദച്ചാമിക്ക് ജയില്‍ ചാടാനുള്ള സാഹചര്യമുണ്ടായത് 24 മണിക്കൂറും നിരീക്ഷണത്തില്‍ ആവേണ്ട സിസിടിവി നോക്കാന്‍ ആളുണ്ടായിരുന്നില്ല എന്നുള്ളതുകൊണ്ടാണ്. ഒരു കനത്ത മഴപെയ്താല്‍ സുരക്ഷാസംവിധാനങ്ങള്‍ ആകെ അവതാളത്തില്‍ ആകുന്ന അവസ്ഥയാണ് കേരളത്തിലെ ജയിലുകളില്‍ ഉള്ളതെന്നതാണ് വിചിത്രം. തലേദിവസം പെയ്ത മഴയുടെ കൂടി സഹായത്തിലാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത് എന്നോര്‍ക്കണം.
കണ്ണൂര്‍,പൂജപ്പുര ജയിലുകളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തിക്കുന്നില്ല എന്ന ദുരവസ്ഥയുമുണ്ട്. ഇതിനു ടെന്‍ഡര്‍ എടുക്കാന്‍ ആളില്ല എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഏറ്റവും മികച്ച സുരക്ഷാ സംവിധാനം ഉണ്ട് എന്ന് അവകാശപ്പെടുന്ന വിയ്യൂര്‍ ജയിലിലും ഏതാണ്ട് ഇതൊക്കെ തന്നെയാണ് അവസ്ഥ. എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍ എന്നു പറയുന്നതുപോലെ വിയ്യൂര്‍ അതിസുരക്ഷാ ജയിലാക്കി മാറ്റി യിട്ടുണ്ട്. എങ്കിലും പ്രവര്‍ത്തനക്ഷമത കണ്ടു തന്നെ അറിയണം. ഇതിനിടെ ഒരു പുതിയ സെന്‍ട്രല്‍ ജയില്‍ ആരംഭിക്കാനുള്ള ആലോചന ഉള്ളതായി അറിയുന്നു. കോട്ടയം പത്തനംതിട്ട ജില്ലകളില്‍ ആയിരിക്കും പുതിയ ജയിലിനുള്ള സ്ഥലം കണ്ടെത്തുക. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന്റെ പിന്നാലെ മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.
ജയില്‍ ജീവനക്കാര്‍ തുടര്‍ച്ചയായി ഒരേ സ്ഥലത്ത് തന്നെ തുടരുന്നത് ശരിയായ കീഴ് വഴക്കം അല്ല എന്ന് അനുമാനത്തില്‍ മന്ത്രിസഭ എത്തിയിട്ടുണ്ട്. ഇതുമൂലം ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമാണ് ജയില്‍ ജീവനക്കാരും പുള്ളികളും തമ്മില്‍ ബന്ധങ്ങള്‍ ഉണ്ടാവാനും അത് ജയില്‍ ചാട്ടത്തിനുള്ള സാധ്യത കൂട്ടാനും ഇടയാകും എന്നും വിലയിരുത്തലുണ്ട്. ഇത് ഒഴിവാക്കാനായി ഇടയ്ക്കിടെ ജീവനക്കാരെ വിവിധ ജയിലുകളിലേക്ക് മാറ്റുന്നതിനെപ്പറ്റിയും പരിഗണിക്കും. ഇത്തരത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവന്നാലും തടവുപുള്ളികളോടുള്ള അടിസ്ഥാന സ്വഭാവത്തില്‍ പരിഷ്‌കാരം വരുത്താതെ ഒന്നും ശരിയാകില്ല എന്ന് തന്നെയാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. തടവുപുള്ളികള്‍ കോടതി ശിക്ഷ വിധിച്ച ജയിലില്‍ എത്തുന്നവരാണ് അവര്‍ ശിക്ഷയെ അനുഭവിക്കേണ്ടവരാണ് എന്ന ബോധ്യം ജയിലധികൃതര്‍ക്കും സര്‍ക്കാരിനും ഉണ്ടാകേണ്ടതുണ്ട്.
അതിനിടെ, ഒറ്റകൈയ്യനാണെങ്കിലും രണ്ടു കൈയ്യുള്ള ആളുകളെക്കാള്‍ ശാരീരിക ക്ഷമതയുള്ളവനാണ് ഗോവിന്ദചാമിയെന്നും അതിനുള്ള പരിശീലനം അയാള്‍ നേടിയിട്ടുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പ്‌ടെട്ടിട്ടുണ്ട്… സൗമ്യ കൊല കേസില്‍ പിടിയിലായപ്പോള്‍ ഗോവിന്ദച്ചാമിക്ക് ശാരീരിക ക്ഷമത പരിശോധന നടത്തിയ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം തലവന്‍ ഡോ.ഹിതേഷ് ശങ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോവിന്ദ ചാമിയുടെ പേശീ ബലം അയാളുടെ അതേ പ്രായത്തിലുള്ള ഒരു മനുഷ്യന്റെ എല്ലാ ശാരീരിക ക്ഷമതയ്ക്കും തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കൈമാത്രമെ ഉള്ളു എങ്കിലും രണ്ട് കൈയ്യുള്ള ഒരാള്‍ക്ക് നാധാരണ ഗതിയില്‍ ചെയ്യാന്‍ കഴിയുന്ന എല്ലാം ഗോവിന്ദചാമിക്കും ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ പ്രവേശിപ്പിച്ച ഗോവിന്ദച്ചാമി പരമശാന്തനെന്ന് അധികൃതര്‍ വ്യക്തമാക്കി… ജയിലിലെത്തിയ ഗോവിന്ദച്ചാമി കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടന്ന് അധികൃതര്‍ പറഞ്ഞു. വിയ്യൂരില്‍ താഴത്തെ നിലയില്‍ ജീവനക്കാരുടെ മുറിയോടു ചേര്‍ന്നു സി.സി.ടി.വി അടക്കം കര്‍ശന സുരക്ഷാ സന്നാഹങ്ങളുള്ള ഒന്നാം നമ്പര്‍ മുറിയിലാണു ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരിക്കുന്നത്. പരിസരം കൃത്യമായി നിരീക്ഷിക്കുന്ന തടവുകാരനാണ് ഗോവിന്ദചാമി. അതാണ് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത്. ഇപ്പോള്‍ ഏകാന്ത തടവിലാണ്. ഒരു തടവുകാരനെ കൂടി ഇയാള്‍ക്കൊപ്പം പാര്‍പ്പിക്കണോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. ശുചിമുറി സൗകര്യം സെല്ലിനുള്ളില്‍ തന്നെയുള്ളതിനാല്‍ ഇനി ജയില്‍ മാറ്റുന്നതു വരെ പുറത്തിറക്കേണ്ട ആവശ്യമില്ല. ഏതുനിമിഷവും സ്വഭാവം മാറുമെന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് അധികൃതര്‍. പ്രശ്‌നങ്ങളുണ്ടാക്കിയശേഷം ഒരിടവേളയില്‍ ശാന്ത സ്വഭാവം കാണിക്കുന്നതാണ് കൊടുംക്രിമിനലായ ഗോവിന്ദച്ചാമിയുടെ രീതിയെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.ഭക്ഷണം ഒഴിവാക്കി ശരീരഭാരം കുറച്ചാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയത്. ജയില്‍ വകുപ്പു മേധാവിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കണ്ണൂരിലെ സുരക്ഷാ പോരായ്മ കണക്കിലെടുത്താണ് ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
2011 ഫെബ്രുവരി ഒന്നിനാണ് ഷൊര്‍ണൂര്‍ സ്വദേശിയായ യുവതിയോട് ഗോവിന്ദച്ചാമി കൊടും ക്രൂരത കാട്ടിയത്. കൊച്ചിയില്‍നിന്നു വീട്ടിലേക്കു പോകുകയായിരുന്ന 23 കാരിയായ യുവതിയെ വള്ളത്തോള്‍നഗര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ചാണ് ഗോവിന്ദച്ചാമി ട്രെയിനില്‍നിന്നു തള്ളിയിട്ടത്. പിന്നാലെ ചാടിയിറങ്ങിയ പ്രതി പാളത്തില്‍ പരുക്കേറ്റു കിടന്ന യുവതിയെ എടുത്തുകൊണ്ടുപോയി മറ്റൊരു പാളത്തിനു സമീപമെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കൃത്യത്തിനു ശേഷം യുവതിയുടെ മൊബൈല്‍ ഫോണും പഴ്സിലെ പൈസയും കവര്‍ന്ന് ഇയാള്‍ രക്ഷപ്പെട്ടു. ഒരു മണിക്കൂറിലേറെ സമയം എഴുന്നേല്‍ക്കാന്‍ പോലും കഴിയാതെ അവിടെക്കിടന്ന യുവതിയെ പിന്നീട് പരിസരവാസികളാണു കണ്ടെത്തി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതി ഗോവിന്ദച്ചാമിയെ ഫെബ്രുവരി നാലിന് പാലക്കാട്ടുനിന്നു പോലീസ് അറസ്റ്റ് ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവതി ഫെബ്രുവരി ആറിനു മരിച്ചു. ഈ കേസിലാണ് ഗോവിന്ദച്ചാമി ഇപ്പോള്‍ ജയിലില്‍ കിടക്കുന്നത്…



