അന്‍സിലിനു അദീന കളനാശിനി നല്‍കിയത് എനര്‍ജി ഡ്രിങ്കില്‍; കാലി കാനുകൾ കണ്ടെടുത്തു

കോതമംഗലം മാതിരപ്പള്ളി മേലേത്തുമാലിൽ അൻസിലിനെ കൊലപ്പെടുത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയാണ്. പെൺസുഹൃത്തായ അഥീന എനർജി ‍ഡ്രിങ്കിൽ കളനാശിനി കലക്കി നൽകുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. അഥീനയുടെ വീട്ടിൽനിന്ന് എനർജി ഡ്രിങ്കിന്റെ കാലി കാനുകളും കണ്ടെടുത്തു. കൃത്യം നടന്ന ദിവസം അൻസിലിനെ വീട്ടിലേക്ക് വരുത്താൻ നിരന്തരം അഥീന ഫോൺ വിളിച്ചിരുന്നു എന്നതിനും പൊലീസിന് തെളിവുകൾ ലഭിച്ചു.

ടിപ്പർ ഡ്രൈവറായ അൻസിലും അഥീനയും തമ്മില്‍ ഏറെ നാളായി അടുപ്പമുണ്ടായിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ് അൻസിൽ‍. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും നടന്നിരുന്നു. ഒടുവിൽ ഇരുവർക്കും ഇടയിൽ പ്രശ്നങ്ങളായതോടെ ആണ് അന്‍സിലിനെ ഇല്ലാതാക്കാൻ അദീന തീരുമാനിച്ചത്. അന്‍സിലിനെ രാത്രി തന്ത്രപരമായി അദീന തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി അർദ്ധരാത്രിയായപ്പോഴാണ് വിഷം കലക്കി നൽകിയത്. അന്‍സില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ഡിസ്‌പോസിബിള്‍ ഗ്ലാസില്‍ എനർജി ഡ്രിങ്കിൽ വിഷവും ചേര്‍ത്തു.

അബോധാവസ്ഥയിലായപ്പോൾ അന്‍സില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് അദീന തന്നെയാണ് പൊലീസിനെയും ബന്ധുക്കളെയും അറിയിച്ചത്. പിന്നീട് പൊലീസും ബന്ധുക്കളും എത്തി ആണ് അന്‍സിലിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
വിഷം അകത്ത് ചെന്ന ഉടന്‍ ശാരീരിക പ്രയാസങ്ങള്‍ ഉണ്ടായപ്പോള്‍ അന്‍സിലും സുഹൃത്തിനെയും പോലിസിനെയും വിവരമറിയിച്ചു. ആംബുലന്‍സില്‍ വച്ചു തന്നെ അഥീനയാണു വിഷം നല്‍കിയതെന്നു അന്‍സില്‍ സുഹൃത്തിനോടും ബന്ധുവിനോടും പറഞ്ഞതാണ് കേസിലെ പ്രധാന വഴിത്തിരിവായത്. ‘അവളെന്നെ ചതിച്ചെടാ’ എന്നാണ് അൻസിൽ അവരോട് പറഞ്ഞത്.

അദീന അവിവാഹിതയാണ്. അന്‍സില്‍ മര്‍ദ്ദിച്ചതായി ഒരു വര്‍ഷം മുമ്പ് അഥീന കോതമംഗലം പൊലീസില്‍ നല്‍കിയ പരാതി രണ്ടാഴ്ച മുമ്പ് പിന്‍വലിച്ചിരുന്നു. എന്നാല്‍, ഒത്തുതീര്‍പ്പു പ്രകാരമുള്ള പണം അന്‍സില്‍ നല്‍കിയില്ലെന്നും സൂചനയുണ്ട്.

അന്‍സിലിനെ കൊലപ്പെടുത്താന്‍ അഥീന രണ്ടുമാസം മുമ്പ് തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. അന്‍സില്‍ വീട്ടില്‍ എത്തുന്നതിന് മുമ്പ് തന്നെ സിസിടിവി ക്യാമറ എടുത്തുമാറ്റി. ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് മാറ്റുകയും നശിപ്പിക്കുകയും ചെയ്തു. വീട്ടില്‍ സിസിടിവി ക്യാമറ ഉപയോഗിച്ചിരുന്നു എന്നതിന്റെ തെളിവുകളും നശിപ്പിച്ചു. അന്‍സിലിന്റെ മെബൈല്‍ ഫോണ്‍ അഥീന വീടിനു സമീപത്ത് കാടുപിടിച്ച സ്ഥലത്തേക്ക് എറിഞ്ഞിരുന്നു. പൊലീസ് കണ്ടെടുത്ത ഈ ഫോണില്‍നിന്നും അഥീനയുടെ ഫോണില്‍നിന്നുമുള്ള കോൾഹിസ്റ്ററികളാണ് നിര്‍ണായക തെളിവുകളായത്.

അന്വേഷണത്തില്‍, മാസങ്ങള്‍ക്കുമുമ്പ് അഥീന കോതമംഗലം ചെറിയപള്ളിത്താഴത്തുള്ള കടയില്‍നിന്ന് കീടനാശിനി വാങ്ങിച്ചതായുള്ള സുപ്രധാന തെളിവുകളും ലഭിച്ചിരുന്നു. കളനാശിനിയായ പാരഗ്വിറ്റ് ആണ് വാങ്ങിയത്. അൻസിലിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ ‘പരാക്ക്വേറ്റ്’ എന്ന കീടനാശിനി അകത്തുചെന്നതാണ് മരണകാരണമെന്ന് തെളിഞ്ഞിരുന്നു.

അഥീനയയുമായി ബന്ധമുണ്ടെന്ന് കരുതുന്ന മറ്റൊരു യുവാവിലേയ്ക്കും അന്വേഷണം നീളുന്നതായും സൂചനയുണ്ട്. ഒരു മാസം മുന്‍പു ഈ യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറി അഥീനയെ മര്‍ദിക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസില്‍ യുവാവ് അറസ്റ്റിലായിരുന്നു. ഈ യുവാവും അദീനയും തമ്മിലും അടുപ്പമുണ്ടായിരുന്നതായി പറയുന്നുണ്ട്. ഇതും അൻസിലും അഥീനയും തമ്മിലുളള വഴക്കിന് കാരണമായിരുന്നു. യുവാവുമായി കൂടുതല്‍ അടുക്കാനാണ് കൊലയെന്നും സൂചനയുണ്ട്.

ചെമ്മീൻ കുത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന അദീനയ്ക്ക് അയൽവാസികളുമായി യാതൊരു അടുപ്പവും ഇല്ലായിരുന്നു. ഇടയ്ക്ക് വീട്ടിൽ വരുന്ന ഏക വ്യക്തി അൻസിലായിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത്.

Scroll to Top