കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുന്നത് തുടര്‍ന്ന് സര്‍ക്കാര്‍; പെരിയ ഇരട്ടക്കൊലക്കേസ് പ്രതി അനില്‍കുമാറിന് ഒരുമാസത്തേക്ക് പരോള്‍ അനുവദിച്ചു

കാസര്‍ഗോഡ് : പെരിയ ഇരട്ടക്കൊലക്കേസില്‍ കോടതി ശിക്ഷിച്ച അനില്‍കുമാറിന് പരോള്‍ അനുവദിച്ച് സര്‍ക്കാര്‍. ബേക്കല്‍ സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത് എന്ന നിര്‍ദേശത്തോടെയാണ് ഒരു മാസത്തേക്ക് പരോള്‍ അനുവദിച്ചത്. കേസില്‍ ഇയാള്‍ നാലാം പ്രതിയായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ കേസിലെ കുറ്റവാളികളായ ഒന്‍പതു പേരെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. ഇതില്‍ ഒരാള്‍ അനില്‍കുമാറാണ്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികളുടെ ആവശ്യ പ്രകാരം കോടതി നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ജയില്‍മാറ്റം. രാഷ്ട്രീയ അക്രമക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പരോള്‍ നല്‍കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ഉന്നയിക്കുന്നതിനിടെയാണ് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിക്കും പരോള്‍ അനുവദിച്ചത്.

2019 ഫെബ്രുവരി 17നായിരുന്നു ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കേരളത്തെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊലപാതകം നടന്നത്. കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ പ്രതികളായ രജ്ഞിത്, സുധീഷ് ശ്രീരാഗ്, അനില്‍ കുമാര്‍, സജി, അശ്വിന്‍, പീതാംബരന്‍, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയില്‍ മാറ്റിയത്. ഒന്‍പതു പേര്‍ക്കും ഇരട്ട ജീവപര്യന്തം തടവാണ് സിബിഐ കോടതി ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ട തങ്ങളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികള്‍ തന്നെ ആവശ്യപ്പെടുകയായിരുന്നു. ബന്ധുക്കള്‍ക്കടക്കം വന്നുകാണാന്‍ ഇതാണ് നല്ലതെന്നും പ്രതികള്‍, പറഞ്ഞിരുന്നു. ഇത് വിചാരണക്കോടതി അംഗീകരിച്ച സാഹചര്യത്തിലായിരുന്നു പ്രതികളുടെ ജയില്‍ മാറ്റം.

Scroll to Top