
കാബൂള്‍: അഫ്ഗാനിസ്ഥാനെ പിടിച്ചു കുലുക്കി റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂകമ്പം. നൂറുകണക്കിന് ആളുകളുടെ ജീവനെടുക്കുകയും ആയിരങ്ങളെ പരുക്കേല്‍പിക്കുകയും ചെയ്ത അതിശക്ത ഭൂചലനത്തില്‍ വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂചലനത്തില്‍ ഇതുവരെ എണ്ണൂറോളം പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. രണ്ടായിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഏറെ ഉയര്‍ന്നേക്കാമെന്ന് താലിബാന്‍ ഭരണകൂടം അറിയിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. നൂറു കണക്കിന് ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്.
ഞായറാഴ്ച രാത്രി പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള കിഴക്കന്‍ അഫ്ഗാനിസ്ഥാനിലാണ് ഭൂചലനമുണ്ടായത്. പിന്നീട് മൂന്ന് തുടര്‍ ചലനങ്ങളും ഉണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. രാത്രി 11:47 ന് 8 കിലോമീറ്റര്‍ ആഴത്തില്‍ ആദ്യത്തെ പ്രകമ്പനം ഉണ്ടായി. നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദില്‍ നിന്ന് 27 കിലോമീറ്റര്‍ കിഴക്ക്-വടക്കുകിഴക്കായാണ് പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നതെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂകമ്പത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണാണ് കൂടുതല്‍ പേരും മരിച്ചത്. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുടനീളം നിരവധി സെക്കന്‍ഡുകള്‍ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ കുലുങ്ങി,
ദുരന്തത്തെ നേരിടാന്‍ താലിബാന്‍ ഭരണകൂടം അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭൂചലനത്തിലുണ്ടായ മരണങ്ങളില്‍ നരേന്ദ്ര മോദി അനുശോചനവും രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി. ഭൂചലനം ആശങ്കപ്പെടുത്തുന്നതായും ദുരിതം അനുഭവിക്കുന്ന അഫ്ഗാന്‍ ജനതയ്ക്ക് സഹായവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി മുതല്‍ ശനിയാഴ്ച വരെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും വിളകളും സ്വത്തുക്കളും നശിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഭൂകമ്പം. 2022 ലും 2023 ലും അഫ്ഗാനില്‍ ഭൂചലനത്തില്‍ രണ്ടായിരത്തോളം പേര്‍ മരിച്ചിരുന്നു.



