തിരുവോണനാളില്‍ കൊലച്ചോറ് സമരവുമായി യൂത്ത് കോണ്‍ഗ്രസ്; മര്‍ദ്ദിച്ച പൊലീസുകാരുടെ മുഖംമൂടിയണിഞ്ഞ് ഡിഐജി ഓഫീസിലേക്ക് വേറിട്ട സമരം.

തൃശ്ശൂര്‍: കുന്ദംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ കൊലച്ചോര്‍ സമരവുമായി യൂത്ത് കോണ്‍ഗ്രസ്. തൃശ്ശൂര്‍ ഡിഐജി ഓഫീസിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് വേറിട്ട സമരം നടത്തിയത്. തിരുവോണദിവസത്തിലായിരുന്നു സമരം. മര്‍ദിച്ച പൊലീസുകാരുടെ മുഖംമൂടി ധരിച്ചാണ് പ്രവര്‍ത്തകര്‍ പ്രതീകാത്മക പ്രതിഷേധ സമരം നടത്തിയത്. ഡിഐജി ഓഫീസിന് മുന്നില്‍ വച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് സമരം തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഇവിടെ ഇലയിട്ട് പ്രതിഷേധവും നടത്തി.

2023 ഏപ്രില്‍ അഞ്ചിനാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ കുന്നംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം സ്റ്റേഷനിലെത്തിച്ച് മര്‍ദിച്ചത്. രണ്ടുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവില്‍ വിവരാവകാശ കമ്മിഷന്റെ ഉത്തരവ് പ്രകാരമാണ് മര്‍ദന ദൃശ്യങ്ങള്‍ സുജിത്തിന് ലഭിച്ചത്. കസ്റ്റഡി മര്‍ദനം ഒതുക്കാന്‍ പൊലീസ് പണം വാഗ്ദാനം ചെയ്‌തെന്ന് സുജിത്ത് മനോരമ ഓണ്‍ലൈനോട് വെളിപ്പെടുത്തിയിരുന്നു. സുജിത്തിനോടും കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് വര്‍ഗീസ് ചൊവ്വന്നൂരിനോടും 20 ലക്ഷം വരെ പണം വാഗ്ദാനം ചെയ്‌തെന്നായിരുന്നു വെളിപ്പെടുത്തല്‍.

Scroll to Top