ബംഗാളില്‍ പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ ബിജെപി എംപിയെയും നേതാക്കളെയും കല്ലെറിഞ്ഞ് ഓടിച്ചു; ഖഗന്‍ മുര്‍മുവിനും സംഘത്തിനും നേര്‍ക്ക് ജനക്കൂട്ടത്തിന്റെ ആക്രമണം., മുര്‍മു ആശുപത്രിയില്‍

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ ബിജെപി എംപിയെയും മറ്റു ബിജെപി നേതാക്കളെയും ജനക്കൂട്ടം കല്ലെറിഞ്ഞ് ഓടിച്ചു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനെത്തിയ മാള്‍ഡ ഉത്തരയില്‍ നിന്നുള്ള എംപി ഖഗന്‍ മുര്‍മുവിനും സംഘത്തിനും നേര്‍ക്കാണ് തിങ്കളാഴ്ച ഉച്ചയോടെ ആക്രമണം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഖഗന്‍ മുര്‍മുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജല്‍പായ്ഗുരി ജില്ലയിലെ നഗ്രാകാട്ടയില്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ പരിശോധനയ്ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി എത്തിയതായിരുന്നു ഖഗന്‍ മുര്‍മുവും സംഘവും.

ബിജെപി എംഎല്‍എ ശങ്കര്‍ ഘോഷും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇരുവരേയും ഒരു കൂട്ടം ആളുകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇവരുടെ വാഹനവും പ്രതിഷേധക്കാര്‍ തകര്‍ത്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സ്ഥിതിയിലുള്ള മുര്‍മുവിന്റെ ദൃശ്യങ്ങളടക്കം ശങ്കര്‍ ഘോഷ് പുറത്തുവിട്ട വീഡിയോയിലൂടെയാണ് വിവരം പുറത്തറിഞ്ഞത്. പിന്‍സീറ്റിലിരുന്ന മുര്‍മുവിന് സംഭവിച്ച പരിക്കുകളും, വാഹനത്തിനുള്ളിലെ കല്ലുകളുടെയും തകര്‍ന്ന ചില്ലുകളുടെയും അവശിഷ്ടങ്ങളും അദ്ദേഹം വീഡിയോയില്‍ കാണിച്ചു. അതേസമയം, ആക്രമണത്തിന് പിന്നില്‍ തൃണമൂലുമായി ബന്ധമുള്ളവരാണ് എന്ന് ബിജെപി ആരോപിച്ചു.

‘ഇന്ന് നഗ്രാകാട്ടയില്‍, ബിജെപി എംപി ഖഗന്‍ മുര്‍മുവും, എംഎല്‍എയും പശ്ചിമ ബംഗാള്‍ നിയമസഭയിലെ മുഖ്യ പ്രതിപക്ഷ വിപ്പുമായ ശങ്കര്‍ ഘോഷും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുകയും ചെയ്യുന്നതിനിടെ മമതാ പോലീസിന്റെ സാന്നിധ്യത്തില്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു.’ കേന്ദ്രമന്ത്രിയും ബിജെപി നിയമസഭാംഗവുമായ സുകാന്ത മജുംദാര്‍ ആരോപിച്ചു.

ഒക്ടോബര്‍ നാല്, അഞ്ച് തീയതികളിലുണ്ടായ കനത്ത മഴയും പ്രളയവും മണ്ണിടിച്ചിലും കാരണം ഡാര്‍ജിലിങ്, അലിപുര്‍ദുവാര്‍ എന്നിവയ്‌ക്കൊപ്പം കനത്ത നാശനഷ്ടമുണ്ടായ ജല്‍പായ്ഗുരി ജില്ല സന്ദര്‍ശിക്കുന്നതിനിടെയാണ് ബിജെപി പ്രതിനിധി സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. പ്രകൃതിക്ഷോഭത്തില്‍ കുറഞ്ഞത് 24 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഇന്ന് ദുരിതബാധിത ജില്ലകള്‍ സന്ദര്‍ശിക്കും.

Scroll to Top