
ന്യൂഡല്‍ഹി: തീവ്ര വോട്ടര്‍ പരിശോധനയിലൂടെ ബിഹാറില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 3.66 ലക്ഷം വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. പ്രത്യേക തീവ്ര പുനഃപരിശോധനയെ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതി നിര്‍ദേശം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് വിവരങ്ങള്‍ ആവശ്യപ്പെട്ടത്. അതേസമയം, പുതുതായി ചേര്‍ത്തവരില്‍ ഭൂരിഭാഗവും പുതിയ വോട്ടര്‍മാരാണെന്നും ഒഴിവാക്കപ്പെട്ടവരില്‍നിന്ന് ആരും ഇതുവരെ പരാതിയോ അപ്പീലോ നല്‍കിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.
കരട് വോട്ടര്‍ പട്ടിക എല്ലാവരുടെയും കൈവശമുണ്ട്. അന്തിമ പട്ടിക സെപ്റ്റംബര്‍ 30-ന് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അതിനാല്‍ താരതമ്യ വിശകലനത്തിലൂടെ ആവശ്യമായ വിവരങ്ങള്‍ നല്‍കാനാകുമെന്ന് സുപ്രീംകോടതി പറഞ്ഞു. കോടതി ഉത്തരവുകള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൂടുതല്‍ സുതാര്യതയും പ്രവേശനക്ഷമതയും കൊണ്ടുവന്നിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയോട് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു. അന്തിമ പട്ടികയിലെ വോട്ടര്‍മാരുടെ എണ്ണം കരട് പട്ടികയേക്കാള്‍ വര്‍ധിച്ചതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാന്‍ പുതുതായി ചേര്‍ത്തവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടു.
നിങ്ങള്‍ പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍നിന്ന് 65 ലക്ഷം പേരെ ഒഴിവാക്കിയതായി ഡാറ്റയില്‍ നിന്ന് വ്യക്തമാണ്. മരിച്ചവരെയോ താമസം മാറിയവരെയോ ഒഴിവാക്കുന്നതില്‍ കുഴപ്പമില്ല, എന്നാല്‍, ആരെയെങ്കിലും ഒഴിവാക്കുകയാണെങ്കില്‍ റൂള്‍ 21-ഉം എസ്ഒപിയും പാലിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നതാണ്. ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് ഓഫീസുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ അന്തിമ പട്ടികയില്‍ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇത് ജനാധിപത്യ പ്രക്രിയയില്‍ ആശയക്കുഴപ്പമുണ്ടാക്കും. പുതുതായി ചേര്‍ത്തവര്‍ ആരാണ്, അവര്‍ ഒഴിവാക്കപ്പെട്ടവരാണോ അതോ പുതിയവരാണോ എന്നും ജസ്റ്റിസ് ബാഗ്ചി ചോദിച്ചു.
ചേര്‍ത്തവരില്‍ ഭൂരിഭാഗവും പുതിയ വോട്ടര്‍മാരാണെന്നും കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷം പേര് ചേര്‍ത്ത ചില പഴയ വോട്ടര്‍മാരുമുണ്ടെന്നും ദ്വിവേദി മറുപടി നല്‍കി. ഒഴിവാക്കപ്പെട്ട വോട്ടര്‍മാരില്‍നിന്ന് ഇതുവരെ പരാതിയോ അപ്പീലോ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. മരണം, താമസം മാറ്റം, പേരുകളിലെ ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാല്‍ യഥാര്‍ത്ഥ പട്ടികയില്‍നിന്ന് 65 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കി ഓഗസ്റ്റ് ഒന്നിന് പുറത്തിറക്കിയ കരട് പട്ടികയില്‍ 17.87 ലക്ഷം വോട്ടര്‍മാരുടെ വര്‍ധനവുണ്ട്. കരട് പട്ടികയിലേക്ക് 21.53 ലക്ഷം പുതിയ വോട്ടര്‍മാരെ ചേര്‍ത്തപ്പോള്‍, 3.66 ലക്ഷം പേരുകള്‍ നീക്കം ചെയ്തു. ഇതോടെ 17.87 ലക്ഷത്തിന്റെ വര്‍ധനവുണ്ടായി.



