മോദി അങ്ങനെ പറഞ്ഞിട്ടില്ല; റഷ്യന്‍ എണ്ണ വിഷയത്തില്‍ ട്രംപിനെ തള്ളി ഇന്ത്യ; ട്രംപും മോദിയുമായി അങ്ങനെ ഒരു സംഭാഷണമേ നടന്നിട്ടില്ല.

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതായുള്ള യു.എസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യ. ട്രംപിനെ തള്ളിപ്പറഞ്ഞ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവന നടത്തി. റഷ്യന്‍ എണ്ണയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയും ഡോണാള്‍ഡ് ട്രംപും തമ്മില്‍ കഴിഞ്ഞ ദിവസം സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ദീപ് ജയ്‌സ്വാള്‍ പറഞ്ഞു.

റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് മോദി അറിയിച്ചതായി ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യം നിഷേധിച്ച് വാര്‍ത്താകുറിപ്പിറക്കിയ വിദേശകാര്യമന്ത്രാലയം തൊട്ടുപിന്നാലെ വാര്‍ത്താസമ്മേളനത്തിലും നിലപാട് ആവര്‍ത്തിച്ചു. ട്രംപും മോദിയുമായി ഇത്തരത്തില്‍ എണ്ണ വാങ്ങുന്നത് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള സംഭാഷണവും നടന്നിട്ടില്ലെന്ന് രണ്‍ദീപ് ജയ്‌സ്വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ടെലിഫോണ്‍ വഴിയോ അല്ലാതെയോ അത്തരത്തില്‍ ഒരു സംഭാഷണം ഉണ്ടായതായി തനിക്കറിയില്ലെന്നും രണ്‍ദീപ് ജയ്‌സ്വാള്‍ പറഞ്ഞു.

ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്നും മോസ്‌കോയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള വലിയ ചുവടുവെപ്പാണിതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ‘ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ എനിക്ക് സന്തോഷമുണ്ടായിരുന്നില്ല, റഷ്യയില്‍നിന്ന് അവര്‍ എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പ് നല്‍കിയെന്നും അതൊരു വലിയ ചുവട് വയ്പ്പാണെന്നും ട്രംപ് പറഞ്ഞിരുന്നു.

Scroll to Top