സ്വന്തം പരാജയങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് പാകിസ്താന്റെ പണ്ടേയുള്ള ശീലം; അഫ്ഗാന്‍ സംഘര്‍ഷത്തില്‍ പാക് നിലപാടിനെ വിമര്‍ശിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ പാകിസ്താന്‍ അതിര്‍ത്തി സംഘര്‍ഷത്തില്‍ ആദ്യമായി നിലപാട് വ്യക്തമാക്കി ഇന്ത്യ രംഗത്തെത്തി. അഫ്ഗാന്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പാകിസ്താന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. സ്വന്തം ആഭ്യന്തര പരാജയങ്ങള്‍ക്ക് അയല്‍ക്കാരെ കുറ്റപ്പെടുത്തുന്നത് പാകിസ്താന്റെ പണ്ടേയുള്ള ശീലമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. പാകിസ്താന്‍ ഭീകരവാദത്തിന് അഭയംനല്‍കുന്നത് പരക്കെ അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്താന്‍ ആക്രമണം നടത്തുന്നതിന് പാകിസ്താന്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘മൂന്ന് കാര്യങ്ങള്‍ വ്യക്തമാണ്. ഒന്ന്, പാകിസ്താന്‍ ഭീകര സംഘടനകള്‍ക്ക് താവളമൊരുക്കുകയും ഭീകരപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. രണ്ട്, സ്വന്തം ആഭ്യന്തര പരാജയങ്ങള്‍ക്ക് അയല്‍ക്കാരെ കുറ്റപ്പെടുത്തുന്നത് പാകിസ്താന്റെ പണ്ടേയുള്ള ശീലമാണ്. മൂന്ന്, അഫ്ഗാനിസ്താന്‍ സ്വന്തം പ്രദേശങ്ങളില്‍ പരമാധികാരം പ്രയോഗിക്കുന്നതില്‍ പാകിസ്താന്‍ രോഷാകുലരാണെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. അഫ്ഗാനിസ്താന്റെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും സ്വാതന്ത്ര്യത്തിനും ഇന്ത്യ പൂര്‍ണമായി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച രാത്രി പാക്-അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒട്ടേറെ സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. പിന്നീട് ഇരുരാജ്യങ്ങളും 48 മണിക്കൂര്‍ വെടിനിര്‍ത്തലിന് സമ്മതിച്ചു. വെടിനിര്‍ത്തലിന് അഭ്യര്‍ഥിച്ചത് അഫ്ഗാനിസ്താനാണെന്ന് പാകിസ്താനും മറിച്ചാണെന്ന് അഫ്ഗാനിസ്താനും അവകാശപ്പെട്ടിരുന്നു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലാണ് ആദ്യം ആക്രമണമുണ്ടായത്. ഇതിന് പാകിസ്താനെ കുറ്റപ്പെടുത്തിയ അഫ്ഗാന്‍, പാകിസ്താന് കഴിഞ്ഞയാഴ്ച തിരിച്ചടിനല്‍കി. പിന്നാലെയാണ് ചൊവ്വാഴ്ച വീണ്ടും ഏറ്റുമുട്ടലുണ്ടായത്.

Scroll to Top