
തിരുവനന്തപുരം: കേരളത്തില്‍ ആശങ്കയേറ്റി അമീബിക് മസ്തിഷ്‌ക ജ്വരം വീണ്ടും ഒരാളുടെ കൂടി ജീവനെടുത്തു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ മരണത്തിന് കീഴടങ്ങി. പോത്തന്‍കോട് വാവരമ്പലം സ്വദേശിനി ഹസ്‌നാ ബീവി എന്ന 78 വയസ്സുകാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്ത് രോഗം ബാധിച്ചുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. ഇന്നലെ കുളത്തൂര്‍ സ്വദേശിയായ പതിനെട്ടു വയസുകാരിയും മരിച്ചിരുന്നു.
ഇന്നലെ സംസ്ഥാനത്താകെ നാലു പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. പോത്തന്‍കോട് സ്വദേശിനി ദിവസങ്ങള്‍ക്കു മുന്‍പ് പനിയെ തുടര്‍ന്ന് പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് എസ്‌യുടി ആശുപത്രിയിലേക്കു മാറ്റി. പിന്നീട് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വൃക്കകള്‍ തകരാറിലായതോടെ ഡയലാസിസ് നടത്തുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് രോഗബാധയും മരണവും കൂടുമ്പോഴും രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് ആരോഗ്യവകുപ്പ്. ഇന്ന് മരിച്ച ഹസ്‌നാ ബീവിയുടെ കിണറ്റിലെ വെള്ളത്തിന്റെ സാമ്പിള്‍ ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി എടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം 38 പേര്‍ക്കാണ് രോഗം ബാധിച്ചതെങ്കില്‍ ഈ വര്‍ഷം ഇതുവരെ 133 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ വര്‍ഷം മരണസംഖ്യ 29 ആയി. ഈ മാസം 45 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 7 പേര്‍ മരിക്കുകയും ചെയ്തു.



