
തിരുവനന്തപുരം: ഏറെ വിവാദം സൃഷ്ടിച്ച, ഈ സര്‍ക്കാരിന് ഏറ്റവുമധികം തലവേദനയുണ്ടാക്കിയ പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങാന്‍ സിപിഐഎം തയ്യാറാകുന്നു. ഒപ്പിട്ട ധാരണാപത്രം മരവിപ്പിക്കുന്നതായി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയക്കും. പിഎം ശ്രീ കരാറില്‍ ഉടക്കി സിപിഐ മന്ത്രിമാര്‍, മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് പൂഴിക്കടകന്‍ അടവുമായി സിപിഐഎം രംഗത്തെത്തിയത്.
പിഎം ശ്രീ പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും തീരുമാനിച്ചതിനു പിന്നാലെ സിപിഐ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ആശയവും ആദര്‍ശവും പണയം വച്ച് ഫണ്ട് മാത്രം ലക്ഷ്യമിട്ട് സംഘപരിവാര്‍ ആശയങ്ങള്‍ക്ക് തലവച്ചു കൊടുക്കരുതെന്നായിരുന്നു സിപിഐയുടെ നിലപാട്. അതുകൊണ്ട് തന്നെ പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കണമെന്നായിരുന്നു സിപിഐ മുന്നോട്ട് വച്ച പ്രധാന ഉപാധി. തുടക്കത്തില്‍ സിപിഐയുടെ നിലപാടുകള്‍ക്കും ആവശ്യങ്ങള്‍ക്കും പുല്ലുവില കല്‍പിക്കാതിരുന്ന സിപിഐഎമ്മിന് ഒടുവില്‍ സിപിഐയുടെ കടുത്ത നിലപാടിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നെന്നാണ് ഇപ്പോഴത്തെ നിലപാട് മാറ്റം സൂചിപ്പിക്കുന്നത്. എംഎ ബേബിയുടെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍പ്പിന് വഴങ്ങുന്നത്.
ഒപ്പിട്ടു കഴിഞ്ഞ ഒരു ധാരണാപത്രം അങ്ങനെ മരവിപ്പിക്കാന്‍ സാധിക്കില്ലെന്നതു ഒരു വസ്തുതയാണ്. ഇനി മരവിപ്പിക്കാനോ റദ്ദാക്കാനോ ആണ് തീരുമാനമെങ്കില്‍ പിന്നെന്തിനാണ് ഉപസമിതി രൂപീകരിക്കുന്നതെന്ന സംശയത്തിന് സര്‍ക്കാരിനോ സിപിഐഎമ്മിനോ മറുപടിയില്ല. അപ്പോള്‍ ഉപസമിതിയും മരവിപ്പിക്കലും ജനങ്ങളുടെയും സിപിഐയുടെയും കണ്ണില്‍ പൊടിയിടാനുള്ള ഒരു തന്ത്രം മാത്രമാണ്. എന്നിരുന്നാലും സിപിഐഎമ്മിന് എടുത്ത തീരുമാനത്തില്‍ നിന്ന് പിന്നോക്കം പോകേണ്ടി വന്നു എന്നത് വസ്തുതയാണ്.
പിഎം ശ്രീയില്‍ നിന്ന് പിന്നോക്കം പോയിക്കുന്നതിന് ഇടപെട്ടതിലൂടെ സിപിഐ തത്കാലത്തേക്ക് ഒരു മേല്‍ക്കൈ നേടിയിരിക്കുകയാണ്. സിപിഐ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചാല്‍ അതിന്റെ തുടര്‍ ചലനങ്ങള്‍ മുന്നണിയിലും രാഷ്ട്രീയത്തിലും ഉണ്ടാകുമായിരുന്നു. അത് ഒഴിവാക്കാനും തദേദശ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടും ഉള്ള ഒരു കീഴടങ്ങലാണ് സിപിഐഎം നടത്തിയിരിക്കുന്നത്. ഇതോടെ സിപിഐയില്‍ ബിനോയ് വിശ്വത്തിന്റെയും സിപിഐ പാര്‍ട്ടിയുടെയും പ്രതിച്ഛായയും വര്‍ധിച്ചു. കേന്ദ്രത്തിന്റെ തീരുമാനമാണ് ഇനി ഇക്കാര്യത്തില്‍ അറിയേണ്ടത്.
അങ്ങനെ കരാറില്‍ നിന്ന് പിന്‍വാങ്ങാന്‍ സര്‍ക്കാരിന് സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ധാരണാപത്രം ഒപ്പിട്ട സ്ഥിതിക്ക് പാതിക്കു വച്ച് പദ്ധതിയില്‍ നിന്ന് പിന്‍മാറാനും സാധിക്കില്ലെന്നാണ് അറിവ്. കരാര്‍ പ്രകാരം പിന്‍വാങ്ങാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനു മാത്രമാണ്. അല്ലെങ്കില്‍ കേന്ദ്രവും സംസ്ഥാനവും പിന്‍വാങ്ങാന്‍ ഒരുമിച്ചു തീരുമാനമെടുക്കണം.



